എറണാകുളം: വർഷങ്ങൾക്ക് ശേഷം താരസംഘടനയായ അമ്മയുടെ പരിപാടിയിൽ പങ്കുകൊണ്ട് കേന്ദ്രമന്ത്രിയും നടനും ആയ സുരേഷ് ഗോപി. ഞായറാഴ്ച കൊച്ചിയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിലേക്ക് ആയിരുന്നു അദ്ദേഹം എത്തിയത്. സുരേഷ് ഗോപിയുടെ ചിന്തയിൽ നിന്നായിരുന്നു അമ്മയുടെ ആരംഭം.
ഷൂട്ടിംഗ് സെറ്റിൽവച്ച് കുപ്പി വെള്ളം ചോദിച്ചപ്പോൾ മോശം അനുഭവം ആയിരുന്നു നിർമ്മാതാവിൽ നിന്നും സുരേഷ് ഗോപിയ്ക്ക് നേരിടേണ്ടിവന്നത്. ഇതിൽ നിന്നായിരുന്നു അമ്മയെന്ന സംഘടനയുടെ പിറവി. തനിക്ക് ഉണ്ടായ മോശം അനുഭവം സുരേഷ് ഗോപി സഹപ്രവർത്തകരായ ഗണേഷ് കുമാഖിനോടും മണിയൻ പിള്ള രാജുവിനോടും പങ്കുവച്ചു. ഒപ്പം അഭിനേതാക്കൾക്കായി ഒരു സംഘടന വേണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചു. ഇതിന്റെ തുടർച്ചയായിരുന്നു 1994 മെയ് 31 ന് രൂപം കൊണ്ട അമ്മ എന്ന സംഘടന. അമ്മയ്ക്കായുള്ള ആദ്യ മൂലധനവും ഇവരുടേത് ആയിരുന്നു.
അമ്മയിൽ സുരേഷ് ഗോപി തന്നെ ആദ്യം അംഗത്വം എടുത്തു. ഗണേഷ് കുമാർ രണ്ടാമനായി. മൂന്നാമനായി മണിയൻപിള്ള രാജുവും അംഗത്വം എടുത്തു. ആദ്യ അംഗങ്ങളായി എങ്കിലും പദവി വഹിക്കാൻ സുരേഷ് ഗോപിയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് മുതിർന്ന നടന്മാരായ എംജി സോമന് പ്രസിഡന്റ ടി പി മാധവന് സെക്രട്ടറിയുമായി. മമ്മൂട്ടിയും മോഹൻലാലും വൈസ് പ്രസിഡന്റുമാരും ആയി. സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയിരുന്നു മൂന്ന് പേരും.
എന്നാൽ മൂന്ന് വർഷം മാത്രമായിരുന്നു അദ്ദേഹത്തിന് സംഘടനയിൽ തുടരാൻ കഴിഞ്ഞത്. 1997 ൽ സുരേഷ് ഗോപി വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം നടന്ന അറേബ്യൻ ഡ്രീംസ് എന്ന താരനിശയുടെ പേരിൽ ഉണ്ടായ തർക്കങ്ങളെ തുടർന്ന് അദ്ദേഹം സംഘടനയിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. ഇതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം താരസംഘടനയുടെ പരിപാടിയിൽ പങ്കെടുക്കുന്നത്.
അതേസമയം സുരേഷ് ഗോപിയ്ക്ക് പുറമേ ഗണേഷ് കുമാറിനും ആദരം നൽകി. രാഷ്ട്രീയത്തിൽ സജീവമായിരുന്നുവെങ്കിലും അമ്മയുടെ പരിപാടികളിലും യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
Discussion about this post