മലപ്പുറം : കൂട്ടത്തോടെയുള്ള മഞ്ഞപ്പിത്തം ബാധയിൽ വലയുകയാണ് മലപ്പുറം. ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 6000 കടന്നു. മലപ്പുറത്തെ വള്ളിക്കുന്ന് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്. 238 പേരാണ് ഈ പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്ത ബാധിതർ ആയിട്ടുള്ളത്. പ്രദേശത്ത് നടന്ന ഒരു വിവാഹ ചടങ്ങാണ് രോഗബാധയ്ക്ക് കാരണമായത് എന്നാണ് സൂചന.
മെയ് 13ന് വള്ളിക്കുന്ന് പഞ്ചായത്തിലെ മൂന്നിയൂരിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ നൽകിയ വെൽക്കം ഡ്രിങ്ക് ആണ് കൂട്ടത്തോടെയുള്ള മഞ്ഞപ്പിത്തബാധയ്ക്ക് കാരണമായതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ അറിയിക്കുന്നത്. തിങ്കളാഴ്ച അഞ്ചു കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യത എന്നും വള്ളിക്കുന്ന് പഞ്ചായത്ത് വിലയിരുത്തുന്നു.
കൂട്ടത്തോടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ തുടർനടപടികൾ സ്വീകരിക്കുന്നുണ്ട്. ക്ലോറിനേഷൻ പ്രവർത്തനവും ഫീൽഡ് വർക്കും നടന്നുവരികയാണ്. നിലവിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയ കേസുകൾ ഒന്നുമില്ല. സാഹചര്യം നേരിടാൻ പഞ്ചായത്ത് സജ്ജമാണ് എന്നും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി.








