പത്തനംതിട്ട: അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചത് കാരണം പഠനം നിര്‍ത്തേണ്ടിവന്നുവെന്ന് സംസ്ഥാനത്തെ ഏക ട്രാന്‍സ്ജെന്‍ഡര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനിയായ ആദിവാസി വിദ്യാര്‍ത്ഥിനിയാണ് പരാതിയുമായി രംഗത്ത് വന്നത്. കാസര്‍കോട് പരവനടുകക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് എതിരെയാണ് പരാതി.
ഗവര്‍ണറുടെയും പട്ടിക വര്‍ഗ്ഗവകുപ്പിന്റെയും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിനി പരവനടക്കം ട്രൈബല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്. എന്നാല്‍, ഒരു അധ്യാപികയും അധ്യാപകനും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പരാതി. കുട്ടികളുടെ മുന്നില്‍ വച്ച് ഇവര്‍ അവഹേളിക്കുന്നുവെന്നും, പരാതി നല്‍കിയപ്പോള്‍ മാനസിക പീഡനം കൂടിയെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
എസ്എസ്എല്‍സിക്ക് മികച്ച മാര്‍ക്ക് നേടി നിയമ പോരാട്ടം നടത്തി, എട്ട് വര്‍ഷത്തിന് ശേഷമാണ് പ്ലസ്ടുവിന് ചേര്‍ന്നത്. സ്‌കൂള്‍ പിടിഎ അധികൃതരും സംശയത്തോടെ ചോദ്യങ്ങള്‍ ചോദിച്ചുവെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. യുവജനോത്സവത്തിലുള്‍പ്പടെ അകറ്റി നിര്‍ത്തി. പഠനം അവസാനിപ്പിക്കുന്നെന്ന് പറഞ്ഞപ്പോള്‍ സ്വന്തം ഇഷ്ടത്തോടെ പോകുകയാണെന്ന് എഴുതി വാങ്ങിച്ചു.
അധ്യാപകര്‍ക്കെതിരെ പട്ടിക വര്‍ഗ്ഗ വകുപ്പിന് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡറാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും നിയമപരമായ അവകാശങ്ങള്‍ ലഭിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍, അധ്യാപകര്‍ ഇക്കാര്യം നിഷേധിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയിരുന്നെന്നും വിദ്യാര്‍ത്ഥിനി പതിവായി ക്ലാസ്സില്‍ എത്താറില്ലെന്നുമാണ് പ്രധാന അധ്യാപികയുടെ വിശദീകരണം.
Discussion about this post