മുംബൈ: അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് ദഹിസറിലെ മജിസ്‌ട്രേറ്റ് കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. അവരുടെ കൈവശമുള്ള ആധാര്‍ പൗരത്വരേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശിക്ഷാവിധി. മുംബൈയ്ക്കടുത്ത് ദഹിസറില്‍ താമസിക്കുന്ന ജ്യോതി ഗാസി എന്ന തസ്‌ലിമ റോബിയുളി (35) നെയാണ് ശിക്ഷിച്ചിത്. പശ്ചിമബംഗാള്‍ സ്വദേശിയാണെന്നും 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകയാണെന്നും തസ്‌ലിമ അവകാശപ്പെട്ടെങ്കിലും അത് തെളിയിക്കാന്‍ അവര്‍ക്കായില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കി. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയിൽ വിധി പറയവേയാണ് കോടതി വ്യക്തമാക്കിയത്. ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പാന്‍കാര്‍ഡ്, ആധാര്‍, വസ്തു ഇടപാട് രേഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി പറയുന്നു. പൗരത്വം തെളിയിക്കുന്നതിന് ജനനസ്ഥലവും മാതാപിതാക്കളുടെ ജനനസ്ഥലവും ചിലപ്പോള്‍ അവരുടെ മാതാപിതാക്കളുടെ ജനനസ്ഥലവും ഏതെന്ന് വ്യക്തമാക്കേണ്ടിവരും. ഇത്തരം കേസുകളില്‍ താന്‍ വിദേശിയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണെന്ന് കോടതി പറഞ്ഞു.
അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശുകാരിയാണ് തസ്‌ലിമ എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. സ്ത്രീയാണെന്ന പരിഗണനവെച്ച് ഇവര്‍ക്ക് ഇളവു നല്‍കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അത് രാജ്യരക്ഷയെത്തന്നെ അപകടത്തില്‍പ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ദഹിസര്‍ ഈസ്റ്റിലെ ചേരിയില്‍നിന്ന് 2009 ജൂണ്‍ എട്ടിനാണ് തസ്‌ലിമ ഉള്‍പ്പെടെ 17 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. 17 പേര്‍ക്കെതിരായും കേസെടുത്തെങ്കിലും മറ്റുള്ളവര്‍ പിന്നീട് ഒളിവില്‍പ്പോയി. തസ്‌ലിമയെ മാത്രമേ വിചാരണ ചെയ്യാന്‍ കഴിഞ്ഞുള്ളൂ.
Discussion about this post