തിരുവനന്തപുരത്ത് തിരുവല്ലത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് അജീഷിനെ മര്‍ദ്ദിച്ചത്
സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. 40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അജേഷിനെ പിടിച്ചുകൊണ്ടുപോയി വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്.
നടുറോഡില്‍ നിന്ന് സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഫോണ്‍ കിട്ടാതെ വന്നതോടെ കമ്പുകൊണ്ട് അടിച്ച ശേഷം വീട്ടിലുണ്ടായിരുന്നു വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും വച്ച് പൊള്ളിച്ചു.
മര്‍ദനത്തിന് ശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച അജേഷ് വയലിലെത്തി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ച ശേഷം പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് അജേഷ് മരിച്ചത്
Discussion about this post