കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും ഒബിസി വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ സംവരണ വ്യവസ്ഥ നടപ്പാക്കാനാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നീക്കമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹര്‍ നവോദയ വിദ്യാലയങ്ങളിലും പട്ടിക വിഭാഗക്കാര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും മാത്രമാണ് സംവരണം.
രാജ്യത്ത് ആകെ 1228 കേന്ദ്രീയ വിദ്യാലയങ്ങളാണ് ഉള്ളത്. മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിനാണ് ഇവയുടെ ചുമതല.
കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിലവില്‍ പതിനഞ്ചു ശതമാനം സീറ്റാണ് പട്ടിക ജാതിക്കാര്‍ക്കു സംവരണം ചെയ്തിട്ടുള്ളത്. പട്ടിക വര്‍ഗക്കാര്‍ക്ക് ഏഴര ശതമാനം സംവരണമുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മൂന്നു ശതമാനമാണ് സംവരണം.
നിയമ മന്ത്രാലയവുമായും ഒബിസി കമ്മിഷനുമായും കൂടിയാലോചനകള്‍ നടത്തിയാണ് മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കു കൂടി സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
Discussion about this post