മംഗളൂരില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകര്‍ വ്യാജന്മാരാണെന്ന് ജനം ടിവി വാര്‍ത്ത നല്കി എന്ന് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കും, ജനം ടിവിക്കെതിരെ പ്രചരണം അഴിച്ചുവിട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബു. തന്റെ ബ്ലോഗിലെഴുതിയ ലേഖനത്തിലാണ് സുരേഷ് ബാബുവിന്റെ പ്രതികരണം.
രാഷ്ട്രീയത്തിനുവേണ്ടി സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഏതറ്റം വരെയും പോകാന്‍ ഒരു മടിയും കാണിക്കാത്ത നികൃഷ്ട കുടില ജന്മങ്ങളാണ്, കേരളത്തില്‍ നിന്നുപോയ മാധ്യമപ്രവര്‍ത്തകര്‍ വ്യാജന്മാരാണ് എന്നുപറഞ്ഞ് ജനം ടി വി വാര്‍ത്ത നല്‍കിയെന്ന് പറഞ്ഞ് സ്വയം വാര്‍ത്ത സൃഷ്ടിച്ചതെന്ന് സുരേഷ് ബാബു പറഞ്ഞു. ആ ചാനലിനെ കുറിച്ചോ ചാനലില്‍ വന്ന വാര്‍ത്തകളെ കുറിച്ചോ അവിടത്തെ വ്യാജ ബിരുദധാരികളെ കുറിച്ചോ പറയുന്നത് നിലയ്ക്കും നിലവാരത്തിനും പറ്റുന്നതല്ലാത്തതുകൊണ്ട് അതിലേക്കില്ലെന്നും അദ്ദേഹം പറയുന്നു.
”കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ടിംഗിന് പോയവര്‍ വ്യാജന്മാരാണെന്ന് ഞങ്ങള്‍ എവിടെയാണ് പറഞ്ഞതെന്ന് തെളിയിക്കാനുള്ള മര്യാദയും ആര്‍ജ്ജവും നേരിട്ട് ലൈവില്‍ വന്ന 24×7 ചാനലിന്റെ മേധാവി ശ്രീകണ്ഠന് നായര്‍ കാട്ടണം. ഇത് നാടകമല്ല, പത്രപ്രവര്‍ത്തനമാണ്. ഞങ്ങളുടെ ആര്‍ക്കൈവ്സ് മുഴുവന്‍ ഒരു തുറന്ന അന്വേഷണത്തിന് സമര്‍പ്പിക്കാം. എവിടെയെങ്കിലും കേരളത്തില്‍ നിന്നു പോയ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കില്‍ ഈ പരിപാടി തന്നെ അവസാനിപ്പിക്കാം. മാധ്യമപ്രവര്‍ത്തകര്‍ എന്ന പേരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 50 പേരെ അറസ്റ്റ് ചെയ്തു എന്ന മംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ അറിയിപ്പ് മാത്രമാണ് കൊടുത്തത്. ആ വാര്‍ത്ത ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവര്‍ണ്ണയും ടി വി 9 നും അടക്കം കൊടുത്തതാണ്. അതുകൊണ്ട് എല്ലാ സദാചാര പോലീസുകാരോടും വിനയപൂര്‍വ്വം പറയട്ടെ, ഞങ്ങളെ മാധ്യമപ്രവര്‍ത്തനം പഠിപ്പിക്കാന്‍ സുടാപ്പികളും സഖാക്കളും വരേണ്ട”-ജി.കെ സുരേഷ് ബാബു എഴുതുന്നു.
ജനം ടി വി എങ്ങനെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്ന് 24×7 ചാനലിന്റെ മേധാവി ശ്രീകണ്ഠന് നായരും മീഡിയ വണ്ണിന്റെ സി എല്‍ തോമസുമല്ല തീരുമാനിക്കുന്നത്. ആരുപറഞ്ഞാലും ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴിയുണ്ട്. അത് സത്യത്തിന്റെ വഴിയാണ്. ദേശീയതയുടെ വഴിയാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ എങ്ങനെ പോകണമെന്ന് ഞങ്ങള്‍ തന്നെ തീരുമാനിച്ചോളാമെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയന് രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും പൊതുവേദിയായി നിലകൊള്ളണം. യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായി എഴുപതോളം മാധ്യമപ്രവര്‍ത്തകര്‍ വേറിട്ട് പ്രകടനം നടത്തേണ്ടി വന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. മുഖ്യമന്ത്രി പിണറായി വിജയന് കടക്കു പുറത്ത് എന്നുപറഞ്ഞപ്പോള്‍ മിണ്ടാതെ വാല് ചുരുട്ടിയിരുന്ന യൂണിയന്, പൗരത്വ നിയമത്തിന് എതിരെ ഏകപക്ഷീയമായി രംഗത്തിറങ്ങുന്നത് ശരിയാണോ? ഇത്തരം രാഷ്ട്രീയകാര്യങ്ങളില്‍ ഇടതുപക്ഷത്തിന് അനുകൂലമായി മാത്രം നിലപാട് എടുക്കുന്ന ഒരു സമീപനം അടുത്തകാലത്ത് സംജാതമായിട്ടുണ്ട്. അപ്പോള്‍ അടിയന്തിരാവസ്ഥയ്ക്ക് എതിരെ നിലപാട് എടുക്കണ്ടേ എന്നാണ് ചോദ്യം. അടിയന്തിരാവസ്ഥയ്ക്ക് എതിരെ യൂണിയന് നിലപാട് എടുത്തിരുന്നോ?…
ചില സുടാപ്പി കുഞ്ഞുങ്ങളും എസ് എഫ് ഐ സ്വഭാവം വിട്ടുമാറാത്ത പുതിയ സുഹൃത്തുക്കളും സാമൂഹ്യമാധ്യമത്തില്‍ ജനം ടി വിയുടെ പേരില്‍ ചൊറിയാന്‍ വരുന്നത് കാണുമ്പോള്‍ പുച്ഛമല്ല, സഹതാപമാണ് തോന്നുന്നത്….പത്രപ്രവര്‍ത്തകരുടെ പൊതുവേദിയായ കെ യു ഡബ്ല്യൂ ജെ രാഷ്ട്രീയത്തിന് അതീതമായി പൊതുവേദിയായി തന്നെ തുടരണം. യൂണിയന് സി പി എമ്മിനും പിണറായിക്കും അടിയറ വെയ്ക്കാനുള്ളതല്ല. കടക്കു പുറത്ത് എന്നുപറഞ്ഞാല്‍ അതിനെതിരെ പ്രതികരിക്കാന്‍ രാഷ്ട്രീയമില്ലാതെ യൂണിയന് ഉണ്ടാകണം. അല്ലാതെ നരേന്ദ്രമോദി ചെയ്യുന്നത് മാത്രം നോക്കി വടക്കുനോക്കിയന്ത്രം ആകരുത്. അങ്ങനെയായാല്‍ തിരുത്തല്‍ ശക്തി സ്വയം ഉരുത്തിരിയുമെന്ന് ഓര്‍മ്മിപ്പിക്കട്ടെയെന്നും സുരേഷ് ബാബു മുന്നറിയിപ്പ് നല്കുന്നു.
Discussion about this post