ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് ആദായ നികുതി വകുപ്പ്. റദ്ദാക്കിയ നോട്ടുകള്‍ ഉപയോഗിച്ചു ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ സ്വത്തു സമ്പാദിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടു ഷോപ്പിങ് മാളുകള്‍, ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി, പഞ്ചസാര മില്‍, റിസോര്‍ട്ട്, പേപ്പര്‍ മില്‍, 20 വിന്‍ഡ് മില്ലുകള്‍ എന്നിവയാണ് വാങ്ങിയത്. ശശികലയുടെ അടുത്ത ബന്ധു ജെ.കൃഷ്ണപ്രിയ, അഭിഭാഷകന്‍ എസ്.സെന്തില്‍ എന്നിവരുടെ മൊഴി ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിരുന്നു. ഇരുവരെയും വിസ്തരിക്കാന്‍ അനുമതി തേടി ശശികല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ആദായ നികുതി വകുപ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ആരോപണങ്ങള്‍. സാക്ഷി വിസ്താരത്തിന്റെ പ്രസക്തി ഇനിയില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശികലയുടെ ഹര്‍ജി തള്ളി.
ബെനാമി ഇടപാട് നിരോധന നിയമപ്രകാരം ശശികലയുടെ 16,000 കോടി രൂപ മൂല്യം വരുന്ന വസ്തുവകകള്‍ ആദായനികുതി വകുപ്പ് കണ്ടു കെട്ടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല 2017 മുതല്‍ ബെംഗളുരു ജയിലിലാണ്.
Discussion about this post