ഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ 96ആം ജന്മവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. ഉത്തർപ്രദേശ് സെക്രട്ടറിയേറ്റായ ലോക്ഭവന് മുന്നിൽ നിർമ്മിച്ചിരിക്കുന്ന പ്രതിമയുടെ സമർപ്പണ വേളയിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ എന്നിവരും പങ്കെടുക്കും.
1998 മുതല്‍ 2004 വരെ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്പേയിയുടെ ജന്മദിനം രാജ്യമൊട്ടാകെ സദ്ഭരണ ദിനമായാണ് ആചരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഉത്തര്‍പ്രദേശില്‍ ഒരുയിരിക്കുന്നത്. വാജ്പേയിയുടെ പേരിലുള്ള മെഡിക്കൽ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങും പ്രധാനമന്ത്രി നിർവഹിക്കും.
1924 ഡിസംബർ 25ആം തീയതി ഗ്വാളിയോറിലായിരുന്നു അടൽ ബിഹാരി വാജ്പേയിയുടെ ജനനം. ഹിന്ദിയിലും ഇംഗ്ലീഷിലും സംസ്കൃതത്തിലും ബിരുദം നേടിയിട്ടുള്ള വാജ്പേയി പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദ ധാരിയായിരുന്നു. ആര്യ സമാജത്തിന്റെ യുവജനവിഭാഗമായ ആര്യ കുമാര സഭയിലൂടെ പൊതു ജീവിതം ആരംഭിച്ച അദ്ദേഹം 1939ൽ ആർ എസ് എസിൽ ചേർന്നു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാജ്പേയി 1947ൽ സംഘപ്രചാരകനായി മാറി.
അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസം അനുഭവിച്ചിരുന്ന അദ്ദേഹം ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടെയും സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു. മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പ് മന്ത്രിയായിരിക്കെ ഐക്യരാഷ്ട്ര പൊതു സഭയിൽ വാജ്പേയി നടത്തിയ ഹിന്ദി പ്രസംഗം ചരിത്രപരമാണ്. രാമജന്മഭൂമി പ്രക്ഷോഭത്തിൽ എൽ കെ അദ്വാനിക്കൊപ്പം പ്രവർത്തിച്ച വാജ്പേയി മികച്ച പാർലമെന്റേറിയനും വാഗ്മിയും കവിയുമായിരുന്നു. പൊഖ്രാനിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയതും കാർഗിൽ യുദ്ധവിജയം നേടിയതും വാജ്പേയി സർക്കാരുകളുടെ കാലത്തായിരുന്നു.
2018 ഓഗസ്റ്റ് മാസം 16ആം തീയതി തന്റെ 93ആമത്തെ വയസ്സിൽ ഭൗതിക ലോകത്തോട് വിട പറഞ്ഞ അടൽജിയെ രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരത രത്നം നൽകി ആദരിച്ചു. കാൻപുർ സർവ്വകലാശാല ഡി ലിറ്റ് ബിരുദം നൽകി ആദരിച്ച വാജ്പേയി 1994ലെ മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം, പദ്മവിഭൂഷൺ, ബംഗ്ലാദേശ് മുക്തിയുദ്ധ സമ്മാനം എന്നിവയടക്കം നിരവധി ദേശീയ- അന്തർദ്ദേശീയ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
Discussion about this post