മുംബൈ: 2008-ല്‍ ഉണ്ടായ മുംബൈ ഭീകരാക്രമണത്തിന് പ്രതികരണമായി പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ആക്രമിക്കാന്‍ തങ്ങള്‍ തയാറായിരുന്നുവെങ്കിലും അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അതിന് അനുവദിച്ചില്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ വ്യോമസേനാ തലവന്‍. പാകിസ്ഥാനി ഭീകരക്യാമ്പുകള്‍ തകര്‍ക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് അന്നത്തെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ വ്യോമസേന അറിയിച്ചിരുന്നതാണെങ്കിലും സര്‍ക്കാര്‍ അതിന് അനുവാദം നല്‍കിയില്ല എന്ന് മുന്‍ വ്യോമസേനാ തലവന്‍ ബി.എസ് ധനോവ പറഞ്ഞു. മുംബൈ മാട്ടുങ്കയിലെ വീര്‍മാതാ ജിജാഭായ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ‘ടെക്‌നോവാന്‍സ’ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്ന വിവരം സേനയ്ക്ക് അറിയാമായിരുന്നുവെന്നും ആക്രമണത്തിന് വ്യോമസേന തയാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
സമാധാനാന്തരീക്ഷം ഉണ്ടാവുകയാണെങ്കില്‍ പാകിസ്ഥാന് ഇപ്പോഴുള്ള എല്ലാ പ്രത്യേകാവകാശങ്ങളും നഷ്ടപ്പെടുമെന്നും അതുകൊണ്ടുതന്നെ കശ്മീര്‍ വിഷയം പാകിസ്ഥാന്‍ നിരന്തരം ഉന്നയിക്കുമെന്നും എന്നാല്‍ അത് തിളച്ചു തൂവാന്‍ അവര്‍ അനുവദിക്കില്ലെന്നും ബി.എസ് ധനോവ പറഞ്ഞു. ദൈര്‍ഘ്യം കുറഞ്ഞ, അതിവേഗ ആക്രമണങ്ങള്‍ നടത്താനുള്ള കഴിവ് വ്യോമസേനയ്ക്കുണ്ടെന്നും ഭാവിയിലെ യുദ്ധങ്ങള്‍ കരയിലും, സമുദ്രത്തിലും, ബഹിരാകാശത്തുമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി ആണവായുധ ശേഷിയുള്ള അയല്‍രാജ്യങ്ങളാണെന്നും, ചൈനയെയും പാകിസ്ഥാനെയും പേരെടുത്ത് പറയാതെ ബി.എസ് ധനോവ സൂചിപ്പിച്ചു.
Discussion about this post