ഡൽഹി: ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി സ്ഥാനത്ത് അവരോധിക്കപ്പെട്ട ജനറൽ ബിപിൻ റാവത്തിന്റേത് നാല് പതിറ്റാണ്ട് പിന്നിടുന്ന സുദീർഘവും സ്തുത്യർഹവുമായ സൈനിക ജീവിതം. മൂന്ന് വർഷങ്ങൾക്ക് മുൻപ് 2016 ഡിസംബർ 31ന് ഇന്ത്യൻ കരസേനയുടെ 27ആമത് മേധാവിയായി ചുമതലയേറ്റെടുത്ത അദ്ദേഹത്തെ ഇപ്പോൾ തേടിയെത്തിയിരിക്കുന്നത് ചരിത്രപരമായ നിയോഗമാണ്. കരസേനാ മേധാവിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് 2016 സെപ്റ്റംബർ 1ന് അദ്ദേഹം കരസേനാ ഉപമേധാവിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഷിമ്ലയിലെ സെയ്ന്റ് എഡ്വേർഡ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജനറൽ ബിപിൻ റാവത്ത് ഖഡക്വാസ്ലയിലെ ദേശീയ പ്രതിരോധ അക്കാഡമിയിലും പരിശീലനം നേടിയിട്ടുണ്ട്. ഡെറാഡൂണിലെ ഇന്ത്യൻ സൈനിക അക്കാഡമിയിലെ ഇലവൺ ഗൂർഖാ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിൽ 1978 ഡിസംബറിൽ സേവനം ആരംഭിച്ച അദ്ദേഹത്തിന് മികച്ച സേവനത്തിനുള്ള ബഹുമതി ലഭിച്ചിട്ടുണ്ട്.
ഉയരമേറിയ മേഖലകളിലും സൈനിക പ്രത്യാക്രമണങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ബിപിൻ റാവത്ത് കിഴക്കൻ മേഖലയിലെ നിയന്ത്രണ രേഖാ പ്രദേശത്ത് ഇൻഫന്ററി ബറ്റാലിയന്റെ കമാൻഡറായിരുന്നു. കശ്മീർ താഴ്വരയിലെ രാഷ്ട്രീയ റൈഫിൾസിന്റെ ഇൻഫന്ററി ഡിവിഷനെയും സതേൺ കമാൻഡിന്റെ കിഴക്കൻ കോർ വിഭാഗത്തെയും അദ്ദേഹം നയിച്ചിട്ടുണ്ട്. ഡെറാഡൂണിലെ ഇന്ത്യൻ സൈനിക അക്കാഡമിയിലും ആർമി വാർ കോളേജിലും അദ്ദേഹം സൈനികർക്ക് പരിശീലനവും നൽകിയിട്ടുണ്ട്.
ദീർഘകാലമായി തുടരുന്ന സൈനിക ജീവിതത്തിൽ നിരവധി തവണ ജനറൽ ബിപിൻ റാവത്തിനെ തേടി ധീരതയ്ക്കുള്ള ബഹുമതികളും വിശിഷ്ട സേവാ മെഡലുകളും എത്തിയിട്ടുണ്ട്. വെല്ലിംഗ്ടണിലും അമേരിക്കയിലും സൈനിക പരിശീലനത്തിൽ വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച സൈനികനാണ് അദ്ദേഹം.
ദേശസുരക്ഷയെ കുറിച്ചും നേതൃപാടവത്തെ കുറിച്ചും നിരവധി ലേഖനങ്ങൾ പ്രമുഖമായ പല മാദ്ധ്യമങ്ങളിലും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്രാസ് സർവ്വകലാശാലയിൽ നിന്നും പ്രതിരോധ പഠനത്തിൽ എം ഫിൽ നേടിയിട്ടുള്ള ജനറൽ റാവത്ത് മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. മിലിട്ടറി മീഡിയ സ്റ്റ്രാറ്റജിക് സ്റ്റഡീസിൽ മീററ്റിലെ ചൗധരി ചരൺ സിംഗ് സർവ്വകലാശാലയിൽ നിന്നും അദ്ദേഹം ഡോക്ട്രേറ്റും നേടിയിട്ടുണ്ട്.
അനുഭവസമ്പത്തും ധീരതയും അക്കാഡമിക മികവുമുള്ള ജനറൽ ബിപിൻ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി പദവിയിലെത്തുമ്പോൾ പൊതു വിഷയങ്ങളിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ചർച്ചയാവുകയാണ്. പൗരത്വ ഭേദഗതി വിഷയത്തിൽ നടക്കുന്ന കലാപങ്ങളിലെ ശരികേടുകൾ അദ്ദേഹം വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നത് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
Discussion about this post