ഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവി സ്ഥാനത്ത് നിന്നും ഇന്ന് വിരമിക്കും. ലെഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ആണ് പുതിയ കരസേനാ മേധാവി. സംയുക്ത സേന മേധവിയായി ബിപിന്‍ റാവത്തിനെ തെരഞ്ഞെടുത്തിരുന്നു. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയിലാകും സംയുക്ത സേന മേധാവിയുടെ നിയമനം. 65 വയസ് വരെ പ്രായമുള്ളവര്ക്കെ ഈ പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി.
രാഷ്ട്രപതിക്ക് കീഴില്‍ മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഇനി മുതല്‍ ഈ ജനറലിനാകും. കൂടാതെ പ്രതിരോധമന്ത്രിയുടെ പ്രിന്‍സിപ്പല്‍ മിലിട്ടറി ഉപദേശകനും ഇനി ബിപിന്‍ റാവത്തായിരിക്കും.
രാജ്യത്തിന്റെ ആയുധം വാങ്ങല്‍ ശേഷിയും ആവശ്യങ്ങളും കൃത്യമായി പ്രതിരോധവകുപ്പിനെ അറിയിക്കല്‍, മൂന്ന് സേനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍ എന്നിവ സംയുക്ത സേനാ മേധാവിയുടെ ചുമതലകളാണ്. സേനാമേധാവികളുടെ തുല്യ ശമ്പളം തന്നെ സംയുക്ത സേനാ മേധാവിക്കുമുണ്ടാകും. സംയുക്ത സേനാ മേധാവി പദവിയിലിരുന്നയാള്‍ക്ക് സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഒരു സര്‍ക്കാര്‍ പദവിയും ഒരു സ്വകാര്യ കമ്പനിയിലും അഞ്ച് വര്‍ഷത്തേക്ക് ഒരു പദവിയും വഹിക്കാനാവില്ല.
Discussion about this post