ഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ 2019-ലെ സമ്പാദ്യത്തിൽ വർധിച്ചത് രണ്ടു പശുക്കളും ഒരു കിടാവും മാത്രം. നിലവിൽ 10 പശുക്കളും ഏഴു കിടാങ്ങളുമാണ് നിതീഷിന്റെ ഗോശാലയിൽ ഉള്ളത്. മന്ത്രിസഭാംഗങ്ങളുടെ സാമ്പത്തിക വിവരങ്ങൾ വർഷാവർഷം പുറത്തുവിടുന്ന പതിവ് തുടർന്ന് നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുതാര്യതയ്ക്കായി 2010 മുതലാണ് സർക്കാർ വെബ്സൈറ്റിലൂടെ മന്ത്രിസഭാംഗങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പുറത്തുവിടുന്നത്.
2018-ൽ പുറത്തുവിട്ട പട്ടികയിൽ നിതീഷിന്റെ കൈവശം 42,000 രൂപ പണമായി ഉണ്ടായിരുന്നു. ഇത്തവണ അത് 38,039 രൂപയായി കുറഞ്ഞു. ഡൽഹിയിലെ ദ്വാരകയിലുള്ള ഫ്ലാറ്റ് ഉൾപ്പെടെ ആകെ 46 ലക്ഷത്തിന്റെ സമ്പാദ്യമാണ് നിതീഷിനുള്ളത്.
അതേസമയം, സർക്കാർ സ്കൂളിൽ അധ്യാപകനായ നിതീഷിന്റെ മകന് 2.87 കോടി രൂപയുടെ സ്വത്തുണ്ട്. ഇതിൽ മരിച്ചുപോയ അമ്മയുടെ പേരിലുള്ള സ്വത്തുക്കളും ഉൾപ്പെടും.
ഉപ മുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ സമ്പാദ്യം 1.26 കോടിയാണ്. ഭാര്യയ്ക്ക് 1.65 കോടിയുടെ സമ്പാദ്യം. മോദിയുടേതായി ബാങ്കിൽ 81.54 ലക്ഷവും ഭാര്യയുടേതായി 97.18 ലക്ഷവുമുണ്ട്. മന്ത്രിസഭയിലെ ഏറ്റവും ധനികൻ സുരേഷ് ശർമയാണ്. ഒൻപതു കോടിയിലേറെയാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. 27 ലക്ഷത്തിന്റെ വായ്പ ഉൾപ്പെടെ 35.87 ലക്ഷം സമ്പാദ്യമുള്ള നീരജ് കുമാറാണ് മന്ത്രിസഭയിലെ ഏറ്റവും പാവപ്പെട്ടയാൾ.
പുതുവര്‍ഷത്തലേന്ന് പുറത്തുവിട്ട പട്ടിക പ്രകാരം മന്ത്രിസഭാംഗങ്ങളിൽ പലരും മുഖ്യമന്ത്രിയെക്കാൾ ഭേദപ്പെട്ട നിലയിലാണ്.
ഇത് മൂന്നാം വട്ടമാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്.
Discussion about this post