മുക്കം: ദേശീയ പൗരത്വഭേദഗതിനിയമവും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നുപറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി. ലോക്സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. അതുനടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ പഴയ പാര്‍ട്ടിസെക്രട്ടറി പണിക്കുപോകാം. യു.ഡി.എഫും എല്‍.ഡി.എഫും മാറിമാറിഭരിച്ച് സംസ്ഥാനത്തെ വികസനം മുരടിപ്പിച്ചു. ഇതുമാറണമെങ്കില്‍ പുതിയ ഒരു ഭരണം കേരളത്തിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുക്കത്തുസംഘടിപ്പിച്ച ദേശഭക്തിസംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കുമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
അയല്‍രാജ്യങ്ങളില്‍ ഭൂരിപക്ഷസമുദായത്തിന്റെ പീഡനങ്ങളേറ്റ് ഇന്ത്യയിലെത്തി പുഴുക്കളെപ്പോലെ ജീവിക്കുന്നവരോടുള്ള കാരുണ്യമാണ് പൗരത്വനിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലെ മതസ്വാതന്ത്ര്യമുള്ള രാജ്യം ലോകത്ത് വേറെയില്ല. സംസ്ഥാനത്തെ മുസ്ലിംപള്ളികളില് കേന്ദ്രസര്‍ക്കാരിനെതിരേയുള്ള പച്ചയായ രാഷ്ട്രീയമാണ് ഇമാം പറയുന്നത്.
വി.എസ്. അച്യുതാനന്ദനെപ്പോലെ മുസ്ലിം വിരോധമുള്ള രാഷ്ട്രീയക്കാരന് കേരളത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വനിയമഭേദഗതിക്കെതിരായ സമരം രാജ്യത്തെ കോണ്‍ഗ്രസിന്റെ ഭാവി തുലയ്ക്കും. നിയമത്തിനെതിരേ നടക്കുന്നത് രാജ്യദ്രോഹസമരമാണെന്നും കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും ഭരണത്തിന്റെ സംഭാവന ദാരിദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post