കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. പ്രത്യേക കോടതി ആണ് വിധി പറയുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ് ദിലീപ് ഹര്‍ജി നല്‍കിയത്. നിലവിലുള്ള കുറ്റപത്രത്തില്‍, തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് ദിലീപിന്റെ വാദം.
അതേസമയം ദിലീപിന്റെ വിടുതല്‍ ഹര്‍ജിയെ പ്രോസിക്യൂഷന് ശക്തിയുക്തം എതിര്‍ത്തു. ദിലീപിനെതിരെ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്. ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ് വാദം പൂര്‍ത്തിയാക്കിയത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Discussion about this post