ഭീകരതയെ എതിര്‍ക്കാനായി ഇറാനിയന്‍ ജനറലിനെ വിദേശമണ്ണില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ വധിയ്ക്കാമെങ്കില്‍ എന്തുകൊണ്ട് പാകിസ്ഥാനി ജനറല്‍മാരെ ആ രീതിയില്‍ വധിച്ചുകൂടേ’? ചോദ്യമുയരുന്നത് ഇന്ത്യയില്‍ നിന്നല്ല, അമേരിക്കയിലെ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ നയങ്ങളെപ്പറ്റി പഠിയ്ക്കുന്ന തിങ്ക് ടാങ്കുകളില്‍ നിന്നും വിദഗ്ധരില്‍ നിന്നുമാണ്.
അമേരിക്കക്കാരെ കൊന്നൊടുക്കുന്നതിനാലാണ് ജനറല്‍ കാസിം സുലൈമാനിയെ വധിച്ചതെന്നാണ് അമേരിക്ക പറയുന്നത്. എങ്കില്‍ ജനറല്‍ കാസിം സുലൈമാനിയേക്കാള്‍ അമേരിക്കക്കാരെ കൊന്നൊടുക്കുന്നതിനു കാരണമായത് പാകിസ്ഥാന്‍ ജനറല്‍മാരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരത വളര്‍ത്തുന്നതും പാകിസ്ഥാനും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയും തന്നെ. എങ്കില്‍ അവരെ എന്തുകൊണ്ട് തീര്‍ത്തുകൂടാ!? അവര്‍ ചോദിക്കുന്നു.
‘എന്തുകൊണ്ട് അമേരിക്കയ്ക്ക് താലിബാന്‍ നേതാക്കളേയും അവരെ നിയന്ത്രിയ്ക്കുന്ന റാവല്പിണ്ടിയിലെ മാസ്റ്റര്‍മാരേയും (പാക് പട്ടാളം/ഐ എസ് ഐ) ഇതുപോലെ വധിച്ചുകൂടേ? 35000 അമേരിക്കന്‍ പട്ടാളക്കാരുടെ ജീവന്‍ അഫ്ഗാനില്‍ ഇല്ലാതാക്കിയത് അവരല്ലേ?’ പ്രശസ്തനായ ഓസ്‌ട്രേലിയന്‍ സംരംഭകനും മൊബി ഗ്രൂപ്പിന്റെ ഉടമസ്ഥനുമായ സാദ് മൊസാനി ട്വിറ്ററിലൂടെ ചോദിച്ചു. സാദ് മൊസാനി അഫ്ഗാന്‍ വംശജനാണ്.
‘ഇറാന്‍ പിന്തുണയ്ക്കുന്ന ഭീകരവാദികളെ അമേരിക്കയ്ക്ക് വധിയ്ക്കാനറിയാം. എന്നാല്‍ പാകിസ്ഥാന്‍ രഹസ്യമായും പരസ്യമായും പിന്തുണച്ച് വളര്‍ത്തുന്ന ഭീകരര്‍ അമേരിക്കക്കാര്‍ക്കെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ നാം പാകിസ്ഥാനു സഹായം നല്‍കുകയാണ് ചെയ്യുന്നത്’. ഒരു മുന്‍ അമേരിക്കന്‍ ആര്‍മി ഓഫീസര്‍ എഴുതി.
പാകിസ്ഥാനെതിരേയും പാകിസ്ഥാന്‍ നിയന്ത്രിയ്ക്കുന്ന ആഗോള ഭീകരവാദത്തേയും പറ്റി പതിറ്റാണ്ടുകളായി അന്താരാഷ്ട്രവേദികളില്‍ വിവരിയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ അതെല്ലാം സാധാരണയായി ബധിരകര്‍ണ്ണങ്ങളിലായിരുന്നു പതിച്ചിരുന്നത്. ഇന്ത്യയെ തകര്‍ക്കാനും പാകിസ്ഥാനെ സഹായിയ്ക്കാനുമാണ് എന്നും പാശ്ചാത്യരാജ്യങ്ങള്‍ ശ്രമിച്ചിരുന്നത്. ഇപ്പോഴും ആ രാജ്യങ്ങളിലെ വലിയൊരു ഭാഗം ആ രീതികള്‍ തന്നെയാണ് പിന്തുടരുന്നതും.
എന്നാല്‍ ഇന്ന് ഭീകരവാദത്തെപ്പറ്റി ചര്‍ച്ചകളുയരുമ്പോള്‍ ഇപ്പോള്‍ ഈ രീതിയില്‍ പാശ്ചാത്യരാജ്യങ്ങളിലെ ജനങ്ങളും ബുദ്ധിജീവികളും ചിന്തിച്ചുതുടങ്ങുന്നത് പണ്ടേ ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നത് പോലെ പാലുകൊടുത്തത് പാമ്പിനായിരുന്നു എന്ന് അവര്‍ മനസ്സിലാക്കുന്നത് കൊണ്ടാണെന്നാണ് വിദേശകാര്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Discussion about this post