ഡല്‍ഹി: ഡല്‍ഹിയിലെ ഔറംഗസേബ് റോഡിന് ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബിജെപി എംപി മഹേഷ് ഗിരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അന്തരിച്ച മുന്‍ രാഷ്ട്രപതിയോടുള്ള ആദരവ് മുന്‍നിര്‍ത്തി റോഡിന് കലാമിന്റെ പേരിടണം. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനും ആ മഹത്ജീവിതം സ്മരിക്കുന്നതിനുമുള്ള നടപടികളിലൊന്നാകണം ഇതെന്നും മഹേഷ് ഗിരി അഭ്യര്‍ത്ഥിച്ചു. കലാമിന്റെ വേര്‍പാട് ഏല്‍പ്പിച്ച ദു:ഖത്തില്‍ നിന്നും രാജ്യം ഇനിയും മുക്തമായിട്ടില്ല.
കലാം തന്റെ ജീവിതം സമര്‍പ്പിച്ചത് ജന്മനാടിന് വേണ്ടിയാണ്. ഈ സാഹചര്യത്തില്‍ സാധാരണക്കാരുടെ പ്രസിഡന്റിന്റെ പേര് ഡല്‍ഹി ഔറംഗസേബ് റോഡിന് നല്‍കി അദ്ദേഹത്തോടുള്ള ആദരവ് രാജ്യം പ്രകടിപ്പിക്കണമെന്നാണ് എംപി മഹേയ്ഷ് ഗിരി മോഡിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. മുഗള്‍ രാജാവായിരുന്ന ഔറംഗസേബ് ക്രൂരതയുടെ പര്യായമാണെന്നും എം പി കുറ്റപ്പെടുത്തി. നമുക്കൊരിക്കലും ചരിത്രത്തെ മാറ്റാന്‍ സാധിക്കില്ല, എന്നാല്‍ ചില തെറ്റുകള്‍ തിരുത്താനാകും, മഹേഷ് ഗിരി പറഞ്ഞു. ദല്‍ഹി നഗരത്തിലെ ഔറംഗസേബ് റോഡിന്റെ പേരുമാറ്റണമെന്ന ആവശ്യം ഇതിനു മുമ്പും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
Discussion about this post