കാലങ്ങളായി അധികാര ഇടനാഴികളില്‍ ബാബുമാരായി ചടങ്ങുകൂടിയിരിയ്ക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കച്ചേരിക്കോയ്മ അവസാനിക്കാനുള്ള നാളുകളായെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ചുവപ്പുനാടകള്‍ക്കിടയില്‍ കുരുക്കി വലിച്ചിഴയ്ക്കുന്ന പാഴ്ത്തടികളെ പുറത്തേക്ക് പോകാനുള്ള വാതില്‍ കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിശക്തമായാണ് ഭരണസര്‍വീസിലെ ഉദ്യോഗസ്ഥ ചുവപ്പുനാടയ്‌ക്കെതിരേ കേന്ദ്രമന്ത്രി തുറന്നടിച്ചത്.
പദ്ധതികള്‍ കൃത്യസമയത്ത് നടപ്പിലാക്കാത്ത കൃത്യമായ ഫലം നല്‍കാത്ത ഉദ്യോഗസ്ഥരെ പുറത്തേക്കുള്ള വഴികാട്ടിക്കൊടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ടാവശ്യപ്പെട്ടിട്ടുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
‘അതില്‍ ഒരു കാലവിളംബവുമുണ്ടാകില്ല. ഇത്തരക്കാര്‍ സംവേദനക്ഷമതയില്ലാത്തവരാണ്. ഒരു ഫയലിനു മുകളില്‍ കാലങ്ങളോളം അടയിരുന്ന് തീരുമാനങ്ങളെടുക്കാതെ താമസിപ്പിക്കും. അവരുടെ ജന്മാവകാശമാണ് തീരുമാനങ്ങള്‍ താമസിപ്പിക്കുക എന്നാണ് അവരുടെ വിചാരം. ക്ഷമ പരീക്ഷിയ്ക്കുന്നതിനും ഒരതിരുണ്ട്’. നിതിന്‍ ഗഡ്കരി പറഞ്ഞു.
ഒരു ദിവസം മുപ്പത് കിലോമീറ്റര്‍ ദേശീയപാതയാണ് നിര്‍മ്മിയ്ക്കപ്പെടുന്നത് എന്നതില്‍ പ്രധാനമന്ത്രി സന്തോഷവാനാണ്. എന്നാല്‍ ചിലകാര്യങ്ങളില്‍ തീ!രുമാനമാക്കാതെ പാഴ്ത്തടികളായിരിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിയ്ക്കലിമുള്ള വഴികാട്ടിക്കൊടുക്കാനും അദ്ദേഹം മന്ത്രിമാരോട് പറഞ്ഞുകഴിഞ്ഞു. ഗഡ്കരി അറിയിച്ചു.
വാര്‍ഷിക റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് നിതിന്‍ ഗഡ്കരി ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. ഇന്നുവരെ ഉദ്യോഗസ്ഥര്‍ക്കെതിരേയോ ടെക്‌നോക്രാറ്റുകള്‍ക്കെതിരേയോ പൊതുവേദിയില്‍ ഒന്നും പറഞ്ഞിട്ടില്ലാത്ത മൃദുഭാഷിയായ നിതിന്‍ ഗഡ്കരി 2014ല്‍ അധികാരമേറ്റശേഷം ആദ്യമായാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്.
Discussion about this post