ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി. ആകെ 70 സീറ്റില്‍ 57 പേരുടെ പട്ടികയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത രോഹിണി മണ്ഡലത്തില്‍ നിന്നു ജനവിധി തേടും.
കപില്‍ മിശ്ര-മോഡല്‍ ടൗണ്‍, ശിഖ റായ്-ഗ്രേറ്റര്‍ കൈലാഷ്, നീല്‍കമല്‍ ഖത്രി-നരേല, സുരേന്ദ്ര സിങ് ബിട്ടു-തിമര്‍പുര്‍, വിക്രം ബിധുരി-തുഗ്ലക്ബാദ്, സുമന് കുമാര്‍ ഗുപ്ത-ചാന്ദിനി ചൗക്ക്, ആശിഷ് സൂദ്-ജനക്പുരി, രവി നേഗി-പത്പര്‍ഗഞ്ച്,രേഖ ഗുപ്ത – ഷാലിമാര്‍ ബാഗ് എന്നിവര്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെ പത്പര്‍ഗഞ്ചില്‍ രവി നേഗി നേരിടുമ്പോള്‍ ഡല്‍ഹിയില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ എതിരാളിയെ ബിജെപി പ്രഖ്യാപിച്ചില്ല. 57 സ്ഥാനാര്‍ഥികളില്‍ 11 പേര് പട്ടികവിഭാഗത്തില്‍ നിന്നുള്ളവരും നാല് പേര് വനിതകളുമാണ്.
പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം വ്യാഴാഴ്ച രാത്രി കൂടിയിരുന്നു. വെള്ളിയാഴ്ച മുതല്‍ പത്രിക നല്കി തുടങ്ങാം.
ആം ആദ്മി പാര്‍ട്ടി കഴിഞ്ഞയാഴ്ച 70 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്ഥിയാരാണെന്നു പ്രഖ്യാപിക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍.
Discussion about this post