തിരുവനന്തപുരം: ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന് സ്വന്തം പദവിയുടെ വലിപ്പം അറിയാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഏതോ തെറ്റിദ്ധാരണയുടെ പേരില്‍ ഗവര്‍ണര്‍ നിയമങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍ക്കാരിനെ വിമര്‍ശിക്കുകയാണെന്നും സിപിഎം മുഖപത്രമായ ദേശാഭിമാനി. സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യും മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ലെന്നാണ് സിപിഎം മുഖപത്രത്തിന്റെ വാദം.
രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവച്ചുകൊണ്ട് ഗവര്‍ണര്‍ എന്നത് സ്വതന്ത്രമായ പദവിയാണെന്ന ചിന്താഗതിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ടെന്നും പത്രം വിമര്‍ശിക്കുന്നു. വരും ദിവസങ്ങളില്‍ അദ്ദേഹത്തിനെതിരെ ഇതേ നിലപാട് സംസ്ഥാന മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അവര്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിടാമെന്നും പാര്‍ട്ടി പത്രം സൂചന നല്‍കുന്നുണ്ട്.
അതേസമയം കേന്ദ്രവുമായി ഏറ്റുമുട്ടല്‍ ഉള്ള വിഷയമാണെങ്കില്‍ ഗവര്‍ണറെ അറിയിക്കണമെന്നാണ് ചട്ടമെന്ന് നിയമമന്ത്രി എ.കെ ബാലന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനുമതി വാങ്ങേണ്ട കാര്യമില്ല എന്നും ചട്ടത്തിലുണ്ടെന്ന് മന്ത്രി പറയുന്നു. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് മന്ത്രി . അതിനാല്‍ തന്നെ ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ല എന്ന് പരസ്യമായ സമ്മതിച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേസ് നല്‍കുന്നത് അറിയിക്കാത്തത് മനപൂര്‍വ്വമല്ലാത്ത വീഴ്ചയാണ് എന്ന് അറിയിക്കാനുള്ള സാധ്യതയാണ് ഉള്ളത്. എന്നാല്‍ തന്നെ ഇക്കാര്യങ്ങള്‍ അറിയിക്കാത്തത് മുഖ്യമന്ത്രിയുടെ മാത്രം വീഴ്ചയാണെന്ന് ഗവര്‍ണര്‍ ഇന്നലെ പരസ്യ പ്രസ്താവന നടത്തിയിരുന്നു.
സര്‍ക്കാരില്‍ വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഓഫീസില്‍ നിന്നും യാതൊരു സൂചനയും പുറത്ത് വന്നിട്ടില്ല. നിലവില്‍ ജയ്പ്പൂരിലുള്ള ഗവര്‍ണര്‍ ഈ മാസം 20നാണ് സംസ്ഥാനത്തേക്ക് മടങ്ങി വരുന്നത്.
Discussion about this post