സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI ) സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ലൈംഗിക പീഡന പരാതികളെല്ലാം നാലാഴ്ചയ്ക്കുള്ളിൽ തീർപ്പാക്കുമെന്ന് കായിക മന്ത്രി കിരൺ റിജ്ജു പ്രഖ്യാപിച്ചു.വെള്ളിയാഴ്ച,ഡൽഹിയിൽ പത്രക്കാരെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷത്തിനിടെ 24 എസ്.എ.ഐ സ്ഥാപനങ്ങളിൽ നിന്ന് 45 ലൈംഗിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്തതായും, അവയിൽ വളരെക്കുറച്ചെണ്ണത്തിൽ മാത്രമേ ഉചിതമായ നടപടിയുണ്ടായിട്ടുള്ളൂ എന്നും വ്യക്തമായതിനെ തുടർന്നാണ് സർക്കാരിന്റെ ഈ നടപടി.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കിരൺ റിജ്ജു വെളിപ്പെടുത്തി.കായികരംഗത്തെ ലൈംഗിക അക്രമങ്ങൾക്കു നേരെ സഹിഷ്ണുതയില്ലാത്ത നിലപാടായിരിക്കും സർക്കാറിന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








