ഡല്‍ഹി: ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചെന്ന് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമ്മുടെ ബ്രാന്ഡെന്നും വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതിന്റെ കാരണം അദ്ദേഹമാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ പറഞ്ഞു.
2019-ല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത് 10,91,946 വിനോദ സഞ്ചാരികളാണ്. പോയവര്‍ഷം 10,12,569 പേര് എത്തിയ സ്ഥാനത്താണിത്. 7.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇ വിസ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനയുണ്ടായി. പോയവര്‍ഷം 2,61,956 വിദേശ വിനോദ സഞ്ചാരികള്‍ ഇ വിസ സൗകര്യം ഉപയോഗപ്പെടുത്തിയെങ്കില്‍ ഈ വര്‍ഷം അങ്ങനെ ചെയ്തത് 3,75,484 പേരാണ്. വിനോദ സഞ്ചാരികളില്‍ നിന്നുള്ള വരുമാനത്തിലും 19.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ മഹാബലിപുരത്ത് ആതിഥ്യം അരുളിയതിന് പിന്നാലെ അവിടേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം 35 ശതമാനം വര്‍ധിച്ചു. മൂന്ന് മുതല്‍ 3.5 ലക്ഷംവരെ ചൈനീസ് വിനോദ സഞ്ചാരികളാണ് ഇന്ത്യയിലെത്തിയത്. ചൈനീസ് സഞ്ചാരികല്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ വാഗ്ദാനം ചെയ്തതാണ് ഇതിന് പിന്നിലെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post