ഡൽഹി: ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. ആം ആദ്മി പാർട്ടി നേതാവും ഡൽഹി സഫായ് കർമ്മചാരി കമ്മീഷൻ അദ്ധ്യക്ഷനുമായ സന്ത് ലാൽ ചവാരിയ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചവാരിയ പാർട്ടിയിൽ ചേർന്നത്.
വാത്മീകി മഹാപഞ്ചായത്ത് ജനറൽ സെക്രട്ടറിയായ ചവാരിയ ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ രാജേന്ദ്ര പാൽ ഗൗതമിനെതിരെ സീമാപുരി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മികച്ച ജനപിന്തുണയുള്ള നേതാവായ ചവാരിയയുടെ കടന്നു വരവ് ബിജെപിക്ക് മികച്ച ഊർജ്ജം നൽകുമെന്ന് ശ്യാം ജാജു പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെയും ദേശീയ കണ്വീനർ അരവിന്ദ് കെജരിവാളിന്റെയും നയങ്ങളിൽ താൻ അസംതൃപ്തനാണെന്ന് ചവാരിയ പറഞ്ഞു. രാജ്യത്തിന് വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ നേതാവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post