പാലക്കാട്: ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണ് അമ്പതോളം പേർക്ക് പരിക്കേറ്റു. ഈയിടെ അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ആർ. ധനരാജിന്റെ കുടുംബത്തിന് വേണ്ടി നടത്തിയ പ്രദർശന മത്സരത്തിനിടെയാണ് സംഭവം. നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയുടെ ഒരു ഭാഗമാണ് തകർന്നു വീണത്.
ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ഐ എം വിജയൻ, ബൈചുംഗ് ബൂട്ടിയ തുടങ്ങിയവർ കളത്തിലിറങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. മത്സരം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് അപകടം നടന്നത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മത്സരത്തിനായി താത്കാലികമായി തയ്യാറാക്കിയ ഗാലറിയാണ് തകർന്നു വീണത്. നാട്ടുകാരും ഫയർ ഫോഴ്സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഷാഫി പറമ്പിൽ എം എൽ എയാണ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്.
Discussion about this post