കൊച്ചി: ലവ് ജിഹാദ് വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന നിലപാടിനെ വളച്ചൊടിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന ആവശ്യവുമായി സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ രംഗത്ത്. ലവ് ജിഹാദ് നിലപാട് മുസ്‍ലിം സമുദായത്തിനെതിരെയാണ് സഭ എന്നു വ്യാഖ്യാനിക്കുന്നതു വസ്തുതാപരമല്ലെന്നും കമ്മിഷൻ വിശദീകരിക്കുന്നു.
സിനഡ് സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള സഭാ നിലപാട് രൂപപ്പെടുത്തിയത്.
താഴെപ്പറയുന്ന കാര്യങ്ങളാണ് സിനഡ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം. ഇന്ത്യയുടെ പവിത്രമായ ഭരണഘടന പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്.
തിരിച്ചുപോകാന്‍ ഇടമില്ലാത്തതിനാല്‍ രാജ്യത്ത് നിലവിലുള്ള അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയാറാകണം. പുതുതായി പൗരത്വം നൽകുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി പരിഗണിക്കണം. അഭയാർഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാർഥി ക്യാംപുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം പുനഃപരിശോധിക്കണം.
സര്‍ക്കാര്‍ നിയമങ്ങളെ എതിര്‍ക്കാന്‍ അക്രമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതും അധാര്‍മികമാണ്. ഇന്ത്യ എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്.
സിനഡിന്റെ തീരുമാനപ്രകാരം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും കമ്മിഷൻ വ്യക്തമാക്കുന്നു.
മതങ്ങള്‍ തമ്മിലുള്ള ഭിന്നതയിലേക്കു പൗരത്വ ഭേദഗതി നിയമം വരാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുനരാലോചിക്കണമെന്നും ആവശ്യമായ ചര്‍ച്ചകള്‍ ഇനിയും നടത്തണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.
മതത്തിന്റെ വിശ്വാസസത്യങ്ങളിൽ ആത്മാർഥതയോടെ ജീവിച്ച് നന്മയുടെയും കാരുണ്യത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇസ്‍ലാം മതവിശ്വാസികളെ സാഹോദര്യത്തിന്റെ കണ്ണുകളിലൂടെയാണ് സിറോ മലബാര്‍ സഭ കണുന്നതെന്നും കമ്മിഷൻ വ്യക്തമാക്കുന്നു. വിവിധ രൂപതകളിലെ ഇടവകകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് ലവ് ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചത്.
മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലവ് ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല എന്നും ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിനു പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായി മനസ്സിലാക്കി നിയമപാലകര്‍ നടപടിയെടുക്കണമെന്നുമാണ് സിനഡ് ആവശ്യപ്പെട്ടത്.
സിനഡ് സര്‍ക്കുലറില്‍ പ്രതിപാദിക്കുന്ന മറ്റ് വിഷയങ്ങളായ കാര്‍ഷിക പ്രശ്‌നങ്ങള്‍, ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തല്‍, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കക്കാരായവര്‍ക്കുള്ള സംവരണം തുടങ്ങിയ വിഷയങ്ങള്‍ അവഗണിച്ച് സിനഡാനന്തര സര്‍ക്കുലറിനെ ‘ലവ് ജിഹാദ് സര്‍ക്കുലര്‍’ എന്ന് വിശേഷിപ്പിക്കുന്നത് ഗൂഡാലോചനയാണെന്നും കമ്മിഷന്‍ വിലയിരുത്തി.
Discussion about this post