അന്യമതങ്ങളോടുള്ള പാകിസ്താന്റെ അസഹിഷ്ണുത തുറന്നു കാട്ടി ശിരോമണി അകാലിദൾ നേതാവ് മജീന്ദർ സിർസ. തന്റെ ട്വിറ്റര് അക്കൗണ്ടിൽ മജീന്ദർ സിർസ ,പാകിസ്ഥാനിൽ തിങ്കളാഴ്ച നശിപ്പിക്കപ്പെട്ട ഹിന്ദു ക്ഷേത്രത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു.നിർബന്ധിത മതപരിവർത്തനം പാകിസ്ഥാനിൽ ദിവസേന നടക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട സിർസ,നങ്കാന സാഹിബ് ഗുരുദ്വാരയ്‌ക്കെതിരായ ആക്രമണത്തെയും ശക്തമായി അപലപിച്ചു.ഒരു അന്യമത ആരാധനാ കേന്ദ്രത്തിനു നേരെയുള്ള രണ്ടാമത്തെ ആക്രമണമാണിതെന്നും, ദിവസങ്ങൾക്കു മുൻപ് പാകിസ്ഥാനിലെ സിന്ധിലെ താർപാർക്കറിലെ ചാക്രോയിലെ മാതാ റാണി ഭട്ടിയാനി ക്ഷേത്രവും ചില അക്രമികൾ നശിപ്പിച്ചതായി സിർസ പ്രസ്താവിച്ചു.
ഈ മാസം ജനുവരി മൂന്നിന്, പാകിസ്ഥാനിലെ നങ്കാന സാഹിബ് ഗുരുദ്വാരയ്ക്ക് മുന്നിൽ 400 മുസ്ലിങ്ങൾ ചേർന്ന് കല്ലെറിയുന്ന വീഡിയോ പുറത്തായിരുന്നു.സിഖ് മത സ്ഥാപകൻ ഗുരു നാനാക് ദേവിന്റെ ജന്മസ്ഥലമാണ് നങ്കാന സാഹിബ്ഗുരുദ്വാര.ജനക്കൂട്ടത്തെ നയിച്ചത് മുഹമ്മദ് ഇമ്രാൻ അത്താരിയെന്നൊരു യുവാവായിരുന്നു.കുറച്ചു കാലം മുൻപേ ,ജഗ്ജിത് കൗർ എന്നൊരു പാക്കിസ്ഥാനി സിഖ് പെൺകുട്ടിയെ ബലമായി മതപരിവർത്തനം ചെയ്ത മുഹമ്മദ് ഹസ്സൻ അത്താരിയുടെ സഹോദരനാണ് ഇമ്രാൻ അത്താരി.നിർബന്ധിത മതപരിവർത്തനവും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകലും പാകിസ്ഥാനിൽ തുടർക്കഥയാവുകയാണ്.












