ബജറങ്കി ഭായ്ജാന്റെ കഥയെ അനുസ്മരിക്കുന്ന ജീവിതം സോഷ്യല്‍ മീഡിയകളില്‍ വൈറലായി
ഗീതയെ ഇന്ത്യയിലെത്തിക്കാനിടയാക്കിയത് സുഷമ സ്വരാജിന്റെ ഇടപെടല്‍
ഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്ന് വഴിത്തെറ്റി പാകിസ്ഥാനില്‍ എത്തിയ ഗീത എന്ന പെണ്‍കുട്ടിയ്ക്ക് സല്മാന്ഖാന് ചിത്രം ബജറങ്കി ഭായിജാന് ഒരു പക്ഷേ പുനര്ജന്മമായേക്കും. ബജറങ്കി ഭായ്ജാന് ഇറങ്ങിയ ശേഷം ഗീത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്, ഒപ്പം ‘പാക്കിസ്ഥാനിലെ ബജറങ്കി’ യായ അന്‍സാര്‍ ബര്‍ണിയും
ഗീതയെ ഇന്ത്യയിലുള്ള വീട്ടുകാരെ ഏല്പിക്കുന്നതിന് സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ബജ്റംഗി ഭായ്ജാന്റെ സംവിധായകന് കബീര്‍ ഖാനും രംഗത്തെത്തി. ഗീതയെ സഹായിക്കാന്‍ തന്റെ ഒപ്പം സല്മാന് ഖാനും ഉണ്ടാകുമെന്നും കബീര്‍ ഖാന് പറഞ്ഞു.
ഇന്ത്യയില്‍ എത്തിപ്പെടുന്ന മൂകയായ പെണ്‍കുട്ടിയായ ഷാഹിദയെ (മുന്നി) ബജ്റംഗി സഹായിച്ച് പാക്കിസ്ഥാനിലുള്ള വീട്ടുകാരെ ഏല്പിക്കുന്നതാണ് ബജറങ്കി ബായ്ജാന് എന്ന സിനിമയുടെ കഥ. ഇതിന്റെ പാക്കിസ്ഥാന് പകര്‍പ്പെടുത്താല്‍ ഒരു പക്ഷേ അത് ഗീതയുടെ ജീവിതമാകും. ഷാഹിദയുടേത് പോലെ ഗീതയ്ക്കും സംസാരശേഷിയില്ല. പാക്കിസ്ഥാനില്‍ എത്തപ്പെട്ട അവള്‍ക്ക് ഇന്ത്യയില്‍ എവിടെയാണ് മാതാപിതാക്കള്‍ എന്ന് ചൂണ്ടിക്കാണിക്കാനും കഴിയുന്നില്ല. ഒന്‍പതാം വയസ്സിലാണ് അവള് പാക്കിസ്ഥാനില്‍ എത്തിപ്പെടുന്നത്. ഇപ്പോള്‍ വയസ്സ് 23.
ഗീതയുടെ വീട്ടുകാരെ അന്വേഷിച്ച് അന്‍സാര്‍ ബര്‍ണി എന്ന പൊതുപ്രവര്ത്തകന് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. വിഷയം ശ്രദ്ധയില്‍പെട്ട വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഗീതയെ കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഗീതയേയും കൊണ്ട് അന്‍സാര്‍ ബര്‍ണി വരുന്ന ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെത്തുന്നുണ്ട്.എന്നാല്‍ ഗീതയുടെ മാതാപിതാക്കളം കുറിച്ച് ഒരു വിവരവും ഇനിയും ലഭ്യമല്ല.
അബദ്ധത്തില്‍ നിയന്ത്രണ രേഖ മുറിച്ചുകടന്നാകാം ഗീത പാകിസ്ഥാനിലെത്തിയതെന്നാണ് കരുതുന്നത്. പഞ്ചാബ് റേഞ്ചേഴ്സ് ആണ് ഗീതയെ ലഹോറിലെ സന്നദ്ധ സംഘടനയായ എധി ഫൗണ്ടേഷനെ ഏല്‍പ്പിച്ചത്. പിന്നീട് സംഘടനയുടെ കറാച്ചിയിലെ സ്ഥാപനത്തിലേക്ക് കൊണ്ടുപോയി. വര്‍ഷങ്ങളായി ഗീതയുടെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് ഫൗണ്ടേഷന് പ്രവര്ത്തകന് പറയുന്നു.
ഗീതയുടെ ജീവിതത്തിലും തന്റെ ചിത്രത്തിലേതിന് സമാനമായ രംഗങ്ങള്‍ അരങ്ങേറിയിട്ടുണ്ടാവാമെന്ന് ബജറങ്കി ബായ്ജാന് സംവിധായകന് കബീര്ഖാന് പറയുന്നു. ഗീതയെ കണ്ടെത്താനുള്ള എല്ലാ സഹായവും കബീര്ഖാന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Discussion about this post