ബെംഗളൂരു: എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും നടുറോഡില്‍ മണിക്കൂറുകളോളം ബന്ദിയാക്കി. വ്യത്യസ്ത മതക്കാരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം ഇരുവരെയും റോഡില്‍ തടഞ്ഞുവെച്ച് പണംതട്ടാന്‍ ശ്രമിച്ചത്. പേരും നാടും ചോദിച്ചറിഞ്ഞ ഇവര്‍ ആണ്‍കുട്ടി ക്രിസ്ത്യാനിയും പെണ്‍കുട്ടി മുസ്ലീമും ആണെന്ന് മനസിലാക്കിയതോടെയാണ് ഭീഷണിപ്പെടുത്തൽ ആരംഭിച്ചത്.
സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സുഹൈല്‍, ഇയാളുടെ സുഹൃത്ത് മുദീം എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം മൈസൂരു-ബെംഗളൂരു റോഡില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മൈസൂരു സ്വദേശികളും എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളുമായ ഇരുവരും ബൈക്കില്‍ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. ഇതിനിടെ വിശ്രമിക്കാനായി ഒരിടത്ത് നിര്‍ത്തിയപ്പോളായിരുന്നു മൂന്നുപേരടങ്ങുന്ന സംഘം ഇവരെ വളഞ്ഞത്. പേരും നാടും ചോദിച്ചറിഞ്ഞ ഇവര്‍ ആണ്‍കുട്ടി ക്രിസ്ത്യാനിയും പെണ്‍കുട്ടി മുസ്ലീമും ആണെന്ന് മനസിലാക്കിയതോടെ ഭീഷണിപ്പെടുത്തി.
അന്യമതക്കാരനൊപ്പം ബൈക്കില്‍ കറങ്ങിനടക്കുന്ന വിവരം വീട്ടില്‍ അറിയിക്കുമെന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. ഇരുവരെയും കുറേസമയം ബന്ദികളാക്കുകയും ചെയ്തു. പിന്നീട് പണം നല്‍കിയാല്‍ വിട്ടയക്കാമെന്ന് പ്രതികള്‍ പറഞ്ഞതോടെ പണം തരാമെന്ന് പെണ്‍കുട്ടി സമ്മതിച്ചു. തുടര്‍ന്ന് പ്രതികളിലൊരാള്‍ ബൈക്കില്‍ പെണ്‍കുട്ടിയുമായി സമീപത്തെ എടിഎം കൗണ്ടറിലേക്ക് പോയി. കൈലാഞ്ചയിലെ എടിഎം കൗണ്ടറിന് സമീപം ഏറെ പരിഭ്രാന്തയായ നിലയില്‍ പെണ്‍കുട്ടി വരുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ പോലീസ് എത്തിയതോടെ പ്രതികള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
വിദ്യാര്‍ഥികളെ തടഞ്ഞുവെച്ച് പണംതട്ടാന്‍ ശ്രമിച്ച കേസിലെ രണ്ടുപേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
Discussion about this post