ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ഞായറാഴ്ച രാത്രി വീണ്ടും വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തു.ഞായറാഴ്ച രാത്രി ,സഞ്ചരിക്കുന്ന വാഹനത്തിൽ നിന്ന് രണ്ടുപേർ വെടിയുതിർത്തതായി ബിരുദ നിയമ വിദ്യാർത്ഥിയായ അർഷാൻ അഫാക്ക് മാധ്യമങ്ങളോട് പറഞ്ഞു.”ഗേറ്റ് നമ്പർ 5 ന് സമീപമാണ് ആദ്യത്തെ വെടിവയ്പുണ്ടായത് . ഗേറ്റ് നമ്പർ 1 കടക്കുമ്പോൾ മറ്റൊരു വെടിശബ്ദവും ഞങ്ങൾ കേട്ടു.വണ്ടി നമ്പർ ഞങ്ങൾ കുറിച്ചെടുത്തിട്ടുണ്ട്. ആർക്കും പരിക്കില്ലെങ്കിലും ഇവിടെ സ്ഥിതിഗതികൾ സംഘർഷഭരിതമാണ്.” എന്നും വെടിവയ്പ്പ് നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന അഫാക്ക്പറഞ്ഞു.
സമാനമായ ദൃക്‌സാക്ഷി വിവരണം തന്നെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയത്.ഓഖ്‌ല ഭാഗത്തു നിന്ന് നിന്ന് രണ്ട് പേർ സ്‌കൂട്ടിയിൽ വന്ന് വെടിവയ്പ്പിന് ശേഷം ജുല്ലീന മേഖലയിലേക്ക് നീങ്ങിയതായി ജാമിയയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പോലീസ് അധികൃതരോട് പറഞ്ഞു.
അതേസമയം, വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചു കൂടിയിട്ടുണ്ട്. “പരാതി നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും ചെയ്യും, ” എന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.








