ഹൈദരാബാദ്: ഇന്ത്യ പൗരത്വം നല്കിയാല് ബംഗ്ലാദേശിലെ ജനസംഖ്യയുടെ പകുതിയും അവരുടെ രാജ്യം വിടുമെന്ന് കേന്ദ്രമന്ത്രി ജി. കിഷന് റെഡ്ഡി. ഹൈദരാബാദില്‍ സ്വകാര്യപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശ് പകുതിയും ശൂന്യമാകും. ബംഗ്ലാദേശികള്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്താല്‍ അവരില്‍ പകുതിയും രാജ്യംവിടും. ആരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക? കെസിആറോ രാഹുല്‍ ഗാന്ധിയോ കിഷന് റെഡ്ഡി ചോദിച്ചു. അവര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം തേടുകയാണ്. പൗരത്വ ഭേദഗതി നിയമം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടിആര്‍എസ് പാര്‍ട്ടിയോട് അഭ്യര്‍ഥിക്കുകയാണ്. മുഖ്യമന്ത്രി കെസിആറിനോട് അഭ്യര്‍ഥിക്കുകയാണ്. ഈ രാജ്യത്തെ 130 കോടി ജനങ്ങളില്‍ ഒരാളെ പൗരത്വ ഭേദഗതി നിയമം ബാധിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും കിഷന് റെഡ്ഡി പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെയും അഭയാര്‍ഥികളെയും കൈകാര്യം ചെയ്യേണ്ടത് ഒരുപോലെയല്ല. പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് കോണ്‍ഗ്രസിനെപ്പോലെയുള്ള പാര്‍ട്ടികള്‍ പൗരത്വം തേടുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post