ലാഹോര്‍: സ്വന്തം ഇഷ്ടപ്രകാരമല്ല താന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്ന് കോടതിയില്‍ വെളിപ്പെടുത്തിയ പാകിസ്ഥാനിലെ ഹിന്ദു ന്യൂനപക്ഷത്തില്‍ പെട്ട പെണ്‍കുട്ടിക്കെതിരെ തിരിഞ്ഞ് ഇസ്ലാമിക മതപണ്ഡിതന്മാര്. തന്നെ നിര്‍ബന്ധപൂര്‍വം മുസ്ലിമാക്കി മാറ്റിയെന്ന് കോടതിയില്‍ പറഞ്ഞ പെണ്‍കുട്ടിക്ക് മതനിന്ദയുടെ പേരില്‍ വധശിക്ഷ നല്‍കണമെന്നാണ് ഇവരുടെ വാദം.
മെഹക് കുമാരി എന്ന പെണ്‍കുട്ടി, താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും അലി റാസ എന്നയാളെ വിവാഹം കഴിച്ചതെന്നും മെഹക് മുന്‍പ് മൊഴി നല്‍കിയിരുന്നു. മതം മാറാനായി തന്നെ ആരും നിര്‍ബന്ധിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
എന്നാൽ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതാണെന്നും, അവളെ നിര്‍ബന്ധപൂര്‍വം മതം മാറ്റിയതാണെന്നും ആരോപിച്ച് പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ പാകിസ്ഥാന് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാരും മുസ്ലിം മതപണ്ഡിതന്മാരും ഒത്തുചേര്‍ന്നുകൊണ്ടാണ് മതപരിവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
എന്നാൽ സെഷന്‍സ് കോടതിയില്‍നിന്നും ഹൈക്കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും ‘നീതി’ ലഭിച്ചില്ലെങ്കില്‍ തങ്ങള്‍ ഷാരിയ കോടതിയെ സമീപിക്കുമെന്നുമാണ് മുസ്ലിം മതപണ്ഡിതന്മാരുടെ വാദം. ഇതിനായി വേണമെങ്കില്‍ സുപ്രീം കോടതി വരെ പോകാന്‍ തങ്ങള്‍ തയാറാണെന്നും ഇവര്‍ ഭീഷണി മുഴക്കുന്നു.
ഇപ്പോൾ സെഷന്‍സ് കോടതി കേസിലെ അടുത്ത വിചാരണ ഫെബ്രുവരി 18ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. പാകിസ്ഥാനില്‍ മുന്‍പുതന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയാണ് ഇത് വ്യാപകമാകുന്നത്.
Discussion about this post