ഡൽഹി: ഷഹീന് ബാഗ് പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥര്‍ എത്തി ചർച്ച ആരംഭിച്ചു. പൊതുറോഡില്‍ കുത്തിയിരിക്കുന്നത് ഒഴിവാക്കി മറ്റൊരു സ്ഥലത്തേക്ക് പ്രതിഷേധം മാറ്റണമെന്ന് മധ്യസ്ഥ സംഘം പ്രതിഷേധക്കാരെ ബോധ്യപ്പെടുത്താന്‍ ആണ് ശ്രമം. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, സാധനാ രാമചന്ദ്രന് എന്നിവരെയാണ് പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ചിരിക്കുന്നത്.
രണ്ട് മാസത്തിലേറെയായി സൗത്ത് ഡല്‍ഹിയിലെ റോഡില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായി പ്രതിഷേധം അരങ്ങേറുന്നു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
‘നിങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. പക്ഷെ നമ്മളെ പോലെ മറ്റുള്ളവര്‍ക്കും അവകാശങ്ങളുണ്ട്. റോഡ് ഉപയോഗിക്കാനും, കടകള്‍ തുറക്കാനും അവകാശമുണ്ട്. നിങ്ങളുടെ അവകാശങ്ങള്‍ മറ്റുള്ളവരുടേത് ഹനിക്കുന്നതാകരുത്’, വഴി തടയാതെ സമരം തുടരാനാവില്ലേയെന്ന് മധ്യസ്ഥതയ്ക്കെത്തിയ അഭിഭാഷകരുടെ സംഘം സമരക്കാരോട് ആരാഞ്ഞു.
നിങ്ങളെ കേള്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നമുക്ക് ഒരുമിച്ച് ഒരു പരിഹാരം കണ്ടെത്തണം. ഇത് ഇന്ത്യക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാകുമെന്ന് ആത്മവിശ്വാസമുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സ്ഥലത്തെത്തിയതെന്ന് ഹെഗ്ഡെയും പറഞ്ഞു. എല്ലാവരോടും സംസാരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാവരുടെയും സഹകരണത്തോടെ പരിഹാരം കാണാമെന്നാണ് കരുതുന്നത്, അദ്ദേഹം ഷഹീന് ബാഗില്‍ എത്തിയപ്പോള്‍ പ്രതികരിച്ചു.
കാളിന്ദി കുഞ്ചിന് സമീപമുള്ള ഷഹീന് ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കാന്‍ കേന്ദ്രത്തിനും മറ്റുള്ളവര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് നടപടി. ഡല്‍ഹിയെ നോയ്ഡയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് പ്രതിഷേധക്കാര്‍ കുത്തിയിരിക്കുന്നത്.
സമരക്കാരുമായി സംസാരിക്കാന്‍ മധ്യസ്ഥസംഘത്തിന് ആരുടെയും സഹായം തേടാമെന്നു നിര്‍ദേശിച്ച കോടതി, അടുത്ത തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post