പരിസ്ഥിതി അതിഭയാനകമാം വണ്ണം നശിച്ചു കൊണ്ടിരിക്കുകയാണെന്നും, അതിന്റെ സംരക്ഷണത്തിനായി ഏകീകൃത നിയമവ്യവസ്ഥ വേണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ.ദേശീയമായും അന്തർദേശീയമായും പ്രാബല്യമുള്ള ഒരു നിയമ വ്യവസ്ഥയ്ക്ക് ഇതിനെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
“പരിസ്ഥിതി പ്രശ്നങ്ങൾക്ക് ദേശീയ-അന്തർദേശീയ അതിർത്തികൾ ബാധകമല്ല. ജലവും വായുവും ഈ അതിർത്തികൾ നോക്കിയല്ല സഞ്ചരിക്കുന്നത്. ഭൂമിക്കു മുകളിലൂടെ മാത്രമല്ല താഴത്തു കൂടെയും അവയ്ക്കു സഞ്ചാരപഥമുണ്ട്. അതിർത്തികളെ അവഗണിച്ചു കൊണ്ട് പ്രാബല്യത്തിൽ വരുന്ന ഒരു നിയമവ്യവസ്ഥ, പരിസ്ഥിതി സംരക്ഷണത്തിന് വളരെ അത്യന്താപേക്ഷിതമാണ്.അതിർത്തികൾ ഒരിക്കലുമതിനു തടസ്സമാകരുത്.നമ്മൾ എടുക്കുന്നത്ര നമ്മൾ ഭൂമിക്ക് തിരിച്ചു കൊടുക്കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനായി എല്ലാവരുടെയും കൂട്ടായ പരിശ്രമം മാത്രമാണ് ഇതിനൊരു പരിഹാരം.” എന്നാണ് എസ്.എ.ബോബ്‌ഡെ പറഞ്ഞത്. 24 രാജ്യങ്ങളിൽ നിന്നുള്ള നിയമ വിദഗ്ദ്ധന്മാരും ജഡ്ജിമാരും പങ്കെടുത്ത അന്തരാഷ്ട്ര ജുഡീഷ്യൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.










