ഡല്‍ഹി: ഡല്‍ഹി മാളവ്യ നഗറില്‍ സ്ത്രീകളടക്കം 18 സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു. കലാപാഹ്വാനം നല്‍കുക, ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായ കൂട്ടംചേരല്‍ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ദേവിക, സുനിത, പൂജ, അജ്‌റ, മഹ്നുമ, സബ്‌ന യാസിന്‍, സബിന, ഹൈദര്‍, സലാവുദ്ദീന്‍, ആബിദ്, സല്‍മാന്‍, സാഹിദ്, മുന്ന, വാസിം ഗൗരി, നയീം, വക്വര്‍, റഹ്മാന്‍ തുടങ്ങി 18 പേരെയാണ് എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
ഞായറാഴ്ച മാളവ്യനഗറില്‍ പ്രകടനക്കാര്‍ പോലിസിനെ ആക്രമിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും പോലിസ് ഉദ്യോഗസ്ഥരെ അപഹസിക്കുകയും ചെയ്‌തെന്ന് സൗത്ത് ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണര്‍ അതുല്‍ താക്കുര്‍ പറഞ്ഞു.
ഐപിസിയുടെ വിവിധ വകുപ്പുകളായ 143 (നിയമവിരുദ്ധമായ കൂട്ടം ചേരല്‍), 148(മാരകായുധങ്ങളുപയോഗിച്ച് കലാപം ചെയ്യല്‍), 186(സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍), 353(സര്‍ക്കാരുദ്യോഗസ്ഥരെ ആക്രമിക്കല്‍), 120ബി(ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post