സംസ്ഥാനത്തെ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളിൽ റെയ്ഡ്. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളിൽ തൊഴില്‍ വകുപ്പ് സംസ്ഥാന വ്യാപകമായി സ്‌ക്വാഡ് ഇന്‍സ്‌പെക്ഷന്‍ നടത്തി. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ആണ് റെയ്ഡ്. ലേബര്‍ കമ്മീഷര്‍ പ്രണബ് ജ്യോതിനാഥിന്റെ നിയന്ത്രണത്തിലും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്)-ന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന നടന്നത്.
തൊഴില്‍ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 2 എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്‌ക്വാഡ് ഇന്‍സ്‌പെക്ഷന്‍.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ 65 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലും 744 ജീവനക്കാരെ (665 പുരുഷന്‍, 79 സ്ത്രീകള്‍) നേരില്‍ കണ്ട് നടത്തിയ അന്വേഷണത്തിലും 17 ജീവനക്കാര്‍ക്ക് (8 പുരുഷജീവനക്കാര്‍, 9 സ്ത്രീ ജീവനക്കാര്‍) മിനിമം വേതനം ലഭിക്കുന്നില്ലായെന്നും നാഷണല്‍ ആന്റ് ഫെസ്റ്റിവല്‍ ഹോളിഡെയ്‌സ് നിയമപ്രകാരമുള്ള ആനുകൂല്യം നിഷേധിക്കുന്നതായും കണ്ടെത്തി.
കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഷ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, കോണ്‍ട്രാക്ട് ലേബര്‍ നിയം, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് നിയമം, മെറ്റേണിറ്റി ബെനെഫിറ്റ് നിയമം എന്നിവ പ്രകാരമുള്ള ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയില്‍ വേതനസുരക്ഷാ പദ്ധതിയിലൂടെ ജീവനക്കാര്‍ക്ക് വേതനം നല്കുന്നില്ലായെന്നും വ്യക്തമായി. കണ്ടെത്തിയിട്ടുള്ള നിയമ ലംഘനങ്ങള്‍ പരിഹരിയ്ക്കുന്നതിന് നിയമലംഘനം കണ്ടെത്തിയിട്ടുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് മുഖേന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. നിയമാനുസൃതമായ തുടര്‍നടപടി സ്വീകരിയ്ക്കുമെന്ന് തൊഴില്‍ വകുപ്പ് അധ്യകൃതര്‍ വ്യക്തമാക്കി.
പാചകവാതകവിതരണ മേഖലയിലും സംസ്ഥാനത്താകമാനം 199 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 1219 പുരുഷ തൊഴിലാളികളും 311 സ്ത്രീ തൊഴിലാളികളുമടക്കം ആകെ 1530 തൊഴിലാളികളെ നേരില്‍ കണ്ട് നടത്തിയ അന്വേഷണത്തില്‍ 126 തൊഴിലാളികള്‍ക്ക് (52 പുരുഷതൊഴിലാളികള്‍, 74 സ്ത്രീ തൊഴിലാളികള്‍) മിനിമം വേതനം ലഭിക്കുന്നില്ലെന്നും കണ്ടെത്തി.
ചില സ്ഥാപനങ്ങളില്‍ നാഷണല്‍ ആന്റ് ഫെസ്റ്റിവല്‍ ഹോളിഡെയ്‌സ് നിയമപ്രകാരമുള്ള ആനുകൂല്യം നിഷേധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഷ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതന നിയമം, കോണ്‍ട്രാക്ട് ലേബര്‍ നിയം, മെറ്റേണിറ്റി ബെനെഫിറ്റ് നിയമം, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് നിയമം എന്നിവ പ്രകാരമുള്ള ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടത്തിയ മിക്ക സ്ഥാപനങ്ങളും വേതനസുരക്ഷാ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് വേതനം നല്കുന്നില്ലെന്ന് വ്യക്തമായി.
Discussion about this post