തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്ത് ശതമാനം സംവരണം യാഥാര്‍ത്ഥ്യമായി. ഇത് സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ ആറ് ഉദ്യോഗാര്‍ഥികളെ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നല്‍കി നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കിയതായി മന്ത്രി പറഞ്ഞു. ഇവര്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംവരണ വ്യവസ്ഥ പ്രകാരം നിലവിലുള്ള 64 ഒഴിവുകളിലേക്ക് 12 ഈഴവര്‍ക്കും, ആറ് പട്ടികജാതിക്കാര്‍ക്കും, പട്ടികവര്‍ഗ, വിശ്വകര്‍മ, ധീവര സമുദായങ്ങളിലെ ഓരോ ആള്‍ക്കും നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ രണ്ട് പേര്‍ക്കും ഒരു വിമുക്തഭടനും സംവരണം നല്‍കിയിട്ടുണ്ട്. ഭിന്നശേഷി സംവരണം ബോര്‍ഡില്‍ നടപ്പിലാക്കുന്നത് ആദ്യമായാണ്.
ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ മെയിന്‍ ലിസ്റ്റില്‍ 169 പേരാണുള്ളത്. പട്ടികയില്‍ 38 പേര്‍ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും സംവരണത്തിന് അര്‍ഹതയുള്ളവരുമാണ്. സപ്ലിമെന്ററി ലിസ്റ്റില്‍ 17 പേര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവരാണ്.
ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഉള്‍പ്പെടെ വിവിധ സംവരണങ്ങള്‍ പുതുതായി നിര്‍ദേശിച്ച് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ ശുപാര്‍ശ 2017 നവംബര്‍ 15ലെ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ്, 10 ശതമാനം സാമ്പത്തിക സംവരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്. വീണ്ടും ഒരു വര്‍ഷം കഴിഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. തുടര്‍ന്ന് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ഉത്തരവായ ശേഷം മാനദണ്ഡങ്ങള്‍ രൂപീകരിച്ച് 2019 നവംബര്‍ 18ന് വിജ്ഞാപനമായി.. ഇതുപ്രകാരം രേഖകള്‍ പരിശോധിച്ചാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് റാങ്ക് പട്ടിക തയാറാക്കിയത്.
വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍, അംഗങ്ങളായ ജി.എസ്. ഷൈലാമണി, പി.സി.രവീന്ദ്രനാഥന്‍ എന്നിവരും സംബന്ധിച്ചു.
സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ഇനി പറയുന്നവയാണ്. അപേക്ഷകന്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷത്തിലധികം വരുമാനമുള്ള കുടുംബത്തില്‍പ്പെട്ടയാളാവരുത്, അപേക്ഷകന്റെ കുടുംബത്തിന് ഒരേക്കറിലധികം ഭൂമിയുണ്ടാവരുത്, അപേക്ഷകന്റെ കുടുംബാംഗങ്ങളിലാരും ഇന്‍കം ടാക്‌സ് അടയ്ക്കുന്നവരാവരുത്, കുടുംബത്തിലുള്ളവര്‍ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ സഹകരണ/ സര്‍ക്കാര്‍ സാമ്പത്തികസഹായം ലഭിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിയുള്ളവരാവരുത്.
Discussion about this post