ഡൽഹിയിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടുവെന്ന വ്യാജപ്രചരണം ശക്തമാവുന്നു. തെക്കുകിഴക്കൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്ന ആസൂത്രിതമായ വ്യാജ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെ ചിലയിടത്ത് കനത്ത അക്രമസംഭവങ്ങൾ ഉണ്ടായെന്ന് വാർത്ത പ്രചരിക്കുന്നുണ്ട്.
എന്നാൽ, ഈ പ്രചരണങ്ങളെല്ലാം തള്ളിക്കൊണ്ട് ഡൽഹി പോലീസ് രംഗത്തെത്തി. ഡൽഹിയുടെ മുക്കും മൂലയും നിയന്ത്രണ വിധേയമാണെന്ന് പോലീസ് മേധാവി പറഞ്ഞു.വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് പുറകെ, ക്രമസമാധാനം തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ വാർത്തയുടെ പ്രചരണം.അഭ്യൂഹങ്ങളിൽ ആശങ്ക വേണ്ടെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പിടിക്കപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സാമൂഹിക മാധ്യമങ്ങളെല്ലാം തന്നെ കർശന നിരീക്ഷണത്തിലാണെന്നും ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടയിൽ, ഡൽഹി മെട്രോ ചിലയിടത്ത് അടച്ചിട്ടുണ്ടെന്ന വ്യാജ പ്രചരണത്തിനെതിരെ അധികൃതർ രംഗത്തെത്തി.ഡൽഹി മെട്രോ എവിടെയും അടച്ചിട്ടില്ലെന്നും, എല്ലാ സ്റ്റേഷനുകളും തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
Discussion about this post