ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗംബാധിച്ചവരുടെ എണ്ണം മുപ്പതായി. അടുത്തിടെ ഇറാനില്‍പ്പോയി മടങ്ങിയ യുവാവിനാണ് പുതുതായി രോഗം കണ്ടെത്തിയത്.
അതേസമയം ദുബായില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇ.യില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടായി.
ഡല്‍ഹിയില്‍ സ്വകാര്യ സ്കൂളുകള്‍ ഉള്‍പ്പെടെ എല്ലാ പ്രൈമറിസ്കൂളുകള്‍ക്കും 31 വരെ സംസ്ഥാനസര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. രാഷ്ട്രപതിഭവനിലെ മുഗള്ഗാര്ഡന് ശനിയാഴ്ച മുതല്‍ അടച്ചിടും.
ഇറ്റലി, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നു വരുന്നവരും ഈ രാജ്യങ്ങള്‍ സന്ദര്ശിച്ചുവരുന്നവരും അതത് രാജ്യങ്ങളിലെ അംഗീകൃതലബോറട്ടറികളില് പരിശോധനനടത്തി വൈറസ് ബാധിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈമാസം 10-ന് നിയന്ത്രണം നിലവില്‍ വരും. കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് മൊത്തം 28,529 പേര് നിരീക്ഷണത്തിലാണ്.
വൈറസ് കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ ജില്ല, ബ്ലോക്ക്, വില്ലേജ് തലത്തില്‍ ദ്രുതപ്രതികരണ സംഘങ്ങള്‍ രൂപവത്കരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യമന്ത്രി ഹര്ഷവര്ധന് വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭയിലും വിശദീകരിച്ചു.
Discussion about this post