ഗുഡ്ഗാവ്: ഹരിയാനയിലെ മനേസറില്‍ യന്ത്രമനുഷ്യന്റെ കൈ തുളച്ചുകയറി തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നവോയില്‍ നിന്നുള്ള രാംജി ലാല്‍ എന്ന തൊഴിലാളിക്കാണ് അപകടത്തില്‍പെട്ടത്. മനേസറിലെ ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ടൗണ്‍ഷിപ്പില്‍ ഓട്ടോമൊബൈല്‍ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന എസ്‌കെഎച്ച് മെറ്റല്‍സ് എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത് 24 കാരനായ രാംജി ഒന്നര വര്‍ഷം മുമ്പാണ് കമ്പനിയില്‍ ചേര്‍ന്നത്.
റോബോട്ടിക് വെല്‍ഡിംഗ് ലൈനുകള്‍ ഉളള വിഭാഗത്തിലാണ് അപകടം നടന്നത്. ഈ സമയത്ത് 63 തൊഴിലാളികളും 39 യന്ത്രമനുഷ്യരുമായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ലോഹ പാളികള്‍ എടുത്ത് വെല്‍ഡ് ചെയ്യുകയെന്ന ജോലി റോബോട്ടില്‍ പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഈ ലോഹപാളികളില്‍ ഒരെണ്ണം യന്ത്രത്തിനിടയില്‍ കുടുങ്ങി. ഇതു ശരിയാക്കാനായി എത്തിയ രാംജി റോബോട്ടിന് വളരെയടുത്തെത്തുകയും ലോഹപാളിയെന്നു കരുതി ഇയാളുടെ അടിവയറ്റിലേക്കു യന്ത്രകൈ തുളഞ്ഞുകയറുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാധാരണഗതിയില്‍ യന്ത്രമനുഷ്യര്‍ പ്രവര്‍ത്തിക്കുന്നത് പ്രത്യേക വിഭാഗത്തിലായതിനാല്‍ ഇത്തരം അപകടം സാധാരണ ഉണ്ടാവാറില്ല. രാംജി യന്ത്രമനുഷ്യന് വളരെ അടുത്ത് ചെന്നതാണ് അപകടകാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ വിശദവിവരങ്ങള്‍ ഫാക്ടറിയില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ വ്യക്തമാവൂ എന്ന് പൊലീസ് വ്യക്തമാക്കി. സുരക്ഷാ വീഴ്ച വരുത്തിയതിനു കമ്പനി മാനേജുമെന്റിനും കരാറുകാരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post