തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് ഗോഡൗണുകൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ എംഡി ജി.സ്പർജൻ കുമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പൊലീസിനും എക്സൈസിനും കത്ത് നൽകി.
നിലവിൽ സംസ്ഥാനത്തെ പല ബെവ്കോ ഗോഡൗണുകൾക്ക് സമീപവും മദ്യവുമായി വന്ന വാഹനങ്ങൾ കിടപ്പുണ്ട്. ഈ വാഹനങ്ങളിൽ നിന്നും ലോഡുകൾ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് എം ഡിയുടെ ആശങ്ക. ഗോഡൗണുകളിൽ സ്ഥലമില്ലാത്തതിനാൽ മദ്യം ഇറക്കി വയ്ക്കാൻ സാധിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. മദ്യം ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവരിൽ പലരും കടുത്ത അസ്വസ്ഥതകൾ നേരിടുന്നതായാണ് വിവരം. ഈ അവസ്ഥയിൽ ഗോഡൗണുകളിലും മദ്യവുമായി വന്ന വണ്ടികളിലും മോഷണം നടക്കാനുള്ള സാധ്യത എംഡി കത്തിലൂടെ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ ബെവ്കോ മദ്യവിൽപനശാലകളിൽ പൊലീസ് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കണമെന്നതാണ് എം ഡിയുടെ ആവശ്യം.
അതേസമയം കൊല്ലം കുണ്ടറയിൽ യുവാവ് ആത്മഹ്യ ചെയ്തത് മദ്യം ലഭിക്കാത്തതിനെ തുടർന്നാണെന്ന് സൂചനയുണ്ട്. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ട് ദിവസമായി മദ്യം കിട്ടാത്തതിനെ തുടർന്ന് കടുത്ത മാനസിക വിഭ്രാന്തിയിലായിരുന്നു. ആലപ്പുഴയിലെ വൃദ്ധന്റെ മരണത്തിലും ദുരൂഹതയുണ്ട്.
Discussion about this post