ഡൽഹി: കൊവിഡ് രോഗബാധിതരുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുമ്പോഴും ആശ്വാസകരമായ കണക്കുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിച്ചവരിൽ 86 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 979 പേർക്കു രോഗം ബാധിച്ചപ്പോൾ അതിൽ 25 പേർ മരണത്തിന് കീഴടങ്ങി. 867 പേർ നിലവിൽ ചികിത്സയിലുണ്ട്.
കേരളവും മഹാരാഷ്ട്രയുമാണ് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ. 186 രോഗികളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. ഇവിടെ 6 പേർ മരിച്ചു. 25 പേർക്കു രോഗം മാറി. കേരളത്തിൽ 182 പേരാണു രോഗബാധിതരായുള്ളത്. 15 പേർക്കു രോഗം ഭേദപ്പെട്ടു, ഒരാൾ മരിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തു സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള അഞ്ചാമത്തെ ദിവസമാണിന്ന്. ലോക്ക് ഡൗൺ പ്രഖ്യാപനം അനിവാര്യമായിരുന്നു എന്നും ഇതിന് താൻ രാജ്യത്തെ ജനങ്ങളോട് ക്ഷമാപണം നടത്തുകയാണെന്നും പ്രധാനമന്ത്രി ഇന്ന് ‘മൻ കി ബാത്ത്‘ റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞിരുന്നു.










