രാജ്യം മുഴുവൻ കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് ഇരിക്കാൻ പോലും നേരമില്ലാത്ത ജോലിയാണ്.കോവിഡ് പകരാൻ സാധ്യത വളരെ കൂടുതലായതിനാൽ, പലരും വൈമുഖ്യത്തോടെയാണ് ഈ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന വാർഡുകളിൽ ജോലി ചെയ്യുന്നത് എന്നുള്ള വാർത്തകളും വന്നിരുന്നു.ഇവരിൽ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് കോവിഡ് വാർഡ് ഡ്യൂട്ടി ചോദിച്ചു വാങ്ങിയ കനിഷ്ക് യാദവ്.
ഡൽഹി എയിംസിൽ നഴ്സായ കനിഷ്ക യാദവ് തന്റെ മേലധികാരിക്ക് എഴുതിയ ഒരു കത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.കോവിഡ് വാർഡിലെ ഡ്യൂട്ടി, പല നഴ്സുമാർക്കും പേടിസ്വപ്നമാകുമ്പോൾ പ്രത്യേകം അപേക്ഷ സമർപ്പിച്ച് ആ ഡ്യൂട്ടി ചോദിച്ചു വാങ്ങുകയായിരുന്നു യാദവ്. ട്രോമ സെന്ററിലെ കോവിഡ്-19 വാർഡിലെ ജോലിയ്ക്ക് തന്നെ നിയോഗിക്കണമെന്ന യാദവിന്റെ അപേക്ഷ മുതിർന്ന ഉദ്യോഗസ്ഥൻ നേരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഇന്ത്യയിലെ ജനങ്ങൾ യാദവിനെ നെഞ്ചോട് ചേർത്തു. മരണത്തെ മുഖാമുഖം കാണുമ്പോഴും കർമ്മത്തോടൊപ്പം ധർമ്മം മുറുകെ പിടിക്കുന്ന യാദവിന്റെ കത്ത് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്.








