ഡല്‍ഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിയോടെയാണ് മോദി ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ യുഎഇയിലേക്ക് തിരിച്ചത്.
34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. ഇന്ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച ദുബായ് സന്ദര്‍ശിക്കും. സന്ദര്‍ശനവേളയില്‍ ഇന്ത്യക്കാര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. ഇന്ത്യയും യുഎഇയും ഊര്‍ജ, വാണിജ്യ, വ്യാപാര, വ്യവസായ, പ്രതിരോധ മേഖലകളില്‍ സഹകരണത്തിനുള്ള ഒട്ടേറെ കരാറുകളിലും ഒപ്പുവയ്ക്കുമെന്നാണു സൂചന.
1981ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അവസാനമായി യുഎഇ സന്ദര്‍ശിച്ചിട്ടുള്ളത്. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കേ രണ്ടു തവണ യുഎഇ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയെങ്കിലും അവസാനനിമിഷം യാത്ര മാറ്റിവച്ചു. 2010ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ആ വര്‍ഷംതന്നെ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ യുഎഇയില്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യയും ഇസ്രയേലും അടുക്കുന്ന പശ്ചാത്തലത്തില്‍ ഒരു സമതുലന നടപടി എന്ന നിലയില്‍ ചില ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കുക എന്നതാണു മോദിയുടെ ഇപ്പോഴത്തെ നയം. ഈ വര്‍ഷം ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്നും മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post