കോവിഡ്-19 ലോകത്തെ നയിക്കുക കൊടും പട്ടിണിയിലേയ്ക്കാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകി.ഭക്ഷ്യ ഉല്പാദനത്തിൽ മുന്നിൽ നിന്നിരുന്ന രാഷ്ട്രങ്ങളെല്ലാം തന്നെ ലോക്ഡൗണിലായതിനാൽ കയറ്റുമതി നിർത്തിയതാണ് ഈ ആഗോള ഭക്ഷ്യ പ്രതിസന്ധിയുടെ കാരണമായിത്തീരുക. ഇതിനിടെ 86 ലക്ഷം പേരുകൾക്ക് ഐക്യരാഷ്ട്രസഭ നേരിട്ട് ഭക്ഷ്യധാന്യം വിതരണം ചെയ്തിരുന്നു. ദാരിദ്ര്യം അതിരൂക്ഷമായ രാജ്യങ്ങളിലെ ആളുകൾക്കായിരുന്നു ഇത്. ചുരുങ്ങിയത് 90 ദിവസത്തേയ്ക്കെങ്കിലുമുള്ള ഭക്ഷ്യധാന്യം ശേഖരിച്ചാൽ മാത്രമേ പലതരത്തിൽ രാഷ്ട്രങ്ങളിലെയും പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ചൈന,വിയറ്റ്നാം, കംബോഡിയ മുതലായ വൻകിട ഉൽപ്പാദകരെല്ലാം തന്നെ അവരുടെ ആഭ്യന്തര ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ അരിയുടെയും ഗോതമ്പിന്റെയും കയറ്റുമതി നിർത്തി വച്ചിരിക്കുകയാണ്.അതിനാൽ തന്നെ, അടിയന്തരമായി ഭക്ഷ്യധാന്യം സംഭരിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല.ഏകദേശം 30 ലക്ഷം മെട്രിക് ടൺ ധാന്യം സംഭരിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ലക്ഷ്യമിടുന്നത്.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ക്ഷാമം ആയേക്കും ഇത്.











