ഡല്‍ഹി: രാജ്യത്തെ 14,378 കൊറോണ കേസുകളില്‍ 4291 പേര്‍ക്ക് രോഗ ബാധയുണ്ടായത് നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 29.8 ശതമാനമാണ് വൈറസ് ബാധയുടെ തോതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി.
ഈയൊരറ്റ സമ്മേളനത്തിലൂടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം പടര്‍ന്നത്. തമിഴ്‌നാട്ടില്‍ 84 ശതമാനം, ഡല്‍ഹിയില്‍ 63 ശതമാനം, തെലങ്കാനയില്‍ 79 ശതമാനം, ഉത്തര്‍പ്രദേശില്‍ 59 ശതമാനം, ആന്ധ്രപ്രദേശില്‍ 61 ശതമാനം എന്ന തരത്തിലാണ് സമ്മേളനവുമായി ബന്ധപ്പെട്ടവരിലൂടെ രോഗം പടര്‍ന്നിരിക്കുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
രാജ്യത്ത് കൊറോണ മരണ നിരക്ക് 3.3 ശതമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ ബാധിച്ച് മരിച്ചവരില്‍ 45 വയസില്‍ താഴെ ഉളളവരുടെ മരണ നിരക്ക് 14.4 ശതമാനമാണ്. 45നും 60നും ഇടയില്‍ പ്രായമുളളവരില്‍ ഇത് 10.3 ശതമാനവും 60നും 75നും ഇടയില്‍ പ്രായമുളളവരില്‍ 33.1 ശതമാനവുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മരിച്ചവരില്‍ ഏറെയും 75 വയസിന് മുകളില്‍ പ്രായമുളളവരാണ്. 42.2 ശതമാനമാണ് മരണ നിരക്കെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ ബാധിച്ച് മരിച്ചവരില്‍ 83 ശതമാനം പേര്‍ക്കും മറ്റു രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതാണ് മരണം ഉയരാന്‍ ഇടയാക്കിയതെന്നും ലാവ് അഗർവാൾ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 991 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഈ സമയ പരിധിയില്‍ 43 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായും ലാവ് അഗർവാൾ കൂട്ടിച്ചേർത്തു. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 480 ആയി.
Discussion about this post