കൊച്ചി : അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംഗ്‌ളറിന് ആരോഗ്യ വിവരങ്ങള്‍ കൈമാറാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരാറിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം.വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉറപ്പുനല്‍കാനാകുമോയെന്ന് കോടതി ചോദിച്ചു.
വിഷയത്തില്‍ സര്‍ക്കാരിന്റെ മറുപടി അപകടകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. രണ്ടുലക്ഷം പേരുടെ ഡാറ്റ കൈകാര്യം ചെയ്യാനുള്ള സംവിധാനം പോലും സര്‍ക്കാരിന് ഇല്ലേ?എന്തുകൊണ്ടാണ് അമേരിക്കന്‍ കോടതിയുടെ നിയമപരിധി തെരഞ്ഞെടുത്തതെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് ഇമെയില്‍ അയക്കാനും കോടതി നിര്‍ദേശിച്ചു. കോവിഡ് പകര്‍ച്ചവ്യാധി മാറുമ്പോള്‍ ഡാറ്റാ പകര്‍ച്ചവ്യാധി സംഭവിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനു ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാരിന് സ്വന്തമായി ഐടി വിഭാഗം ഉണ്ടല്ലോ. പിന്നെ എന്തിനാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത്. വ്യക്തമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആശാവര്‍ക്കര്‍മാര്‍ ശേഖരിക്കുന്ന, നിങ്ങള്‍ക്ക് എന്തെല്ലാം രോഗങ്ങളുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കുമ്പോള്‍, ഈ ഡാറ്റ മരുന്ന് കമ്പനികള്‍ക്ക് പോകുമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആ വാദത്തില്‍ കാര്യമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അപ്പോള്‍ ചികില്‍സാ വിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് കോടതി ചോദിച്ചു.
അഭിഭാഷകനായ ബാലു ഗോപാലാണ് സ്പ്രിംഗ്‌ളര്‍ കരാറിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.കേസ് വെള്ളിയാഴ്ച ( ഏപ്രില്‍ 24) വീണ്ടും പരിഗണിക്കും.
Discussion about this post