ചാലക്കുടി: പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം അന്തരിച്ചു. 66 വയസ്സായിരുന്നു. ചാലക്കുടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിദ്ധിഖിന്റെ മോഹന്‍ലാല്‍ചിത്രമായ ബിഗ്ബ്രദറിലാണ് അവസാനമായി വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല ഇദ്ദേഹത്തിനായിരുന്നു.
പെരുമ്പാവൂർ കീഴില്ലത്ത് ജനിച്ച വേലായുധൻ മലയാളത്തിലെ മുൻനിര സംവിധായകരുടെ ചിത്രങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു. കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടലില്‍ വസ്ത്രാലങ്കാര സഹായായിട്ടായിരുന്നു തുടക്കം. പിന്നീട് കോലങ്ങള്‍, കടമ്പ എന്നിവയിലും വസ്ത്രാലങ്കാര സഹായിയായി പ്രവർത്തിച്ചിരുന്നു.
സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്ശന്, സിബി മലയില്‍, ഫാസില്‍, എ.കെ.ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചു. ബാലചന്ദ്ര മേനോന്റെ കലികയിൽ അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വൈശാഖ്, അശ്വതി.
Discussion about this post