ഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയത് ശരിവെച്ച് സുപ്രീംകോടതി. മെഡിക്കല്‍, ഡെന്റല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കുന്നത് എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുളളവയുടെ ഒരു കൂട്ടം റിട്ട് ഹര്‍ജികളിലാണ് സുപ്രീംകോടതി ഉത്തരവ്.
സുപ്രീംകോടതിയുടെ 2012 മുതല്‍ പരിഗണനയിലുളള ഹര്‍ജികളിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും അനുകൂലമായ വിധി പറഞ്ഞത്. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കി ഇരു സ്ഥാപനങ്ങളും പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ എത്തിയത്.
ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും വിനീത് സരണും എം ആര്‍ ഷായും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രവേശനരംഗത്തുളള അഴിമതി തുടച്ചുനീക്കാനും പ്രവേശനത്തിന് ഏകീകൃത സ്വഭാവം കൊണ്ടുവരാനുമാണ് നീറ്റ് കൊണ്ടുവന്നതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
Discussion about this post