ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസർക്കാർ. റെഡ് സോണില്‍ ഉള്‍പ്പെട്ട രാജ്യത്തെ 130 ജില്ലകളിലെ ആളുകളും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്.
ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഇതുവഴി കണ്ടെയ്ന്‍മെന്റ് സോണിലെ ഓരോ വ്യക്തികളേയും കൃത്യമായി നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് സാധിക്കും. സംശയാസ്പദമായ കേസുകളില്‍ ആവശ്യമെങ്കില്‍ ക്വാറന്റൈനിലേക്ക് മാറ്റാന്‍ അടക്കമുള്ള നടപടികള്‍ അതിവേഗം ഏര്‍പ്പെടുത്താനും സാധിക്കും.
ഈ ആപ്പിന്റെ പ്രവര്‍ത്തനം സ്മാര്‍ട്‌ഫോണിന്റെ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ്. സഞ്ചാര പാത പിന്തുടര്‍ന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്നും ഇതിലൂടെ അറിയാന്‍ സാധിക്കും. രോഗലക്ഷണമുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നടപടികളും ആപ്പ് വിശദീകരിക്കും. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.
ആരോഗ്യ സേതു ആപ്ലിക്കേഷന്‍ കണ്ടെയ്ന്‍മെന്റ് സോണിലെ എല്ലാവര്‍ക്കും പ്രാദേശിക ഭരണകൂടം നൂറ് ശതമാനം ഉറപ്പുവരുത്തുമെന്നാണ് കേന്ദ്രം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയത്.
ആപ്ലിക്കേഷന് പുറമേ ഇത്തരം പ്രദേശങ്ങളില്‍ വീടുകള്‍ കയറിയുള്ള പരിശോധനയും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങളും മറ്റും ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
Discussion about this post