തിരുവനന്തപുരം: പ്രവാസി ഇന്ത്യക്കാരെ വ്യാഴാഴ്ച മുതല്‍ തിരികെ എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. മലയാളികളായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യഥാസമയത്ത് പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാനുള്ള സാവകാശം കേന്ദ്രസര്‍ക്കാര്‍ നല്കി. കേരളവും മറ്റു സംസ്ഥാനങ്ങളും എല്ലാ സജ്ജീകരണങ്ങളുമൊരുക്കിയെന്നാണ് കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികളെ മടക്കികൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ പ്രചരങ്ങളെല്ലാം ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. പ്രവാസികളെ തിരികെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തടസ്സം നില്ക്കുന്നു എന്നായിരുന്നു പ്രചാരണം. തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാനിറങ്ങിയവരുടെ തനിനിറമാണിപ്പോള്‍ പ്രവാസികളും കേരളീയരും മനസ്സിലാക്കിയിരിക്കുന്നതെന്നും സുരേന്ദ്രന് വ്യക്തമാക്കി.
തിരികെ എത്തുന്ന പ്രവാസികളുടെ മുന്നോട്ടുള്ള ജീവിതത്തിന് സൗകര്യങ്ങളും സഹായങ്ങളും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
Discussion about this post